കാസര്‍കോട്ടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് കാസര്‍കോട് മണ്ഡലത്തില്‍ വോട്ടില്ല; മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തി

കാസര്‍കോട്: കാസര്‍കോടു നിയമസഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂവരും സമ്മതിദാനം വിനിയോഗിച്ചു. വാശിയേറിയ മത്സരത്തില്‍ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന മൂന്നു പേര്‍ക്കും തങ്ങളുടെ സ്വന്തം വോട്ട് തങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തങ്ങളാഗ്രഹിക്കുന്ന ഭരണത്തിനു സമ്മതിദാനം വിനിയോഗിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്.
യു ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയ്ക്ക് വോട്ട് ഉദുമ മണ്ഡലത്തിലാണ്. ചെമ്മനാട് പഞ്ചായത്തിലെ മേല്‍പ്പറമ്പിലാണ് അദ്ദേഹം താമസിക്കുന്നത്. ചെമ്മനാട് പഞ്ചായത്ത് ഉദുമ മണ്ഡലത്തിലെ യു ഡി എഫ് ശക്തി കേന്ദ്രമാണ്. കളനാട് എല്‍ പിയിലെ ബൂത്തിയിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.
കാസര്‍കോടു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരിക്കെ എല്‍ ഡി എഫിലെ ഷാനവാസ് പാദൂരും ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്തത്. അദ്ദേഹത്തിന്റെ വീട് ഉദുമ മണ്ഡലത്തിലാണ്. തെക്കില്‍പറമ്പ് യു പി സ്‌കൂള്‍ ബൂത്തില്‍ അദ്ദേഹം വോട്ടവകാശം വിനിയോഗിച്ചു.
ബി ജെ പി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമായ എം എല്‍ അശ്വിനി സംസ്ഥാനത്തു ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ വൊര്‍ക്കാടി സ്വദേശിയായ അവര്‍ കൊട്‌ല മുഗര്‍ ശ്രീവാണി വിജയ സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. അതിനു ശേഷം സ്വന്തം മണ്ഡലമായ കാസര്‍കോട്ടെത്തിയ അവര്‍ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നു.

സംസ്ഥാനത്തു വാശിയേറിയ മത്സരം നടക്കുന്ന മഞ്ചേശ്വരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനു കോഴിക്കോടു ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിലാണ് വോട്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കോട്ടയം ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് വോട്ട്. തിരഞ്ഞെടുപ്പു മത്സരത്തില്‍ നല്ല വാശി പ്രകടമായിരുന്ന തൃക്കരിപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടറാണ്. ഇവര്‍ സ്വന്തം ബൂത്തുകളിലെത്തി വോട്ടവകാശം വിനിയോഗിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page