കാസർകോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സവിശേഷമായൊരു ‘ഒന്നാം നമ്പർ’ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിനി എന്ന വോട്ടർ. സംസ്ഥാനത്തെ ഒന്നാം നമ്പർ നിയോജകമണ്ഡലമായ മഞ്ചേശ്വരത്തെ ഒന്നാം നമ്പർ പോളിങ് ബൂത്തിൽ ഒന്നാമതായി വോട്ട് രേഖപ്പെടുത്തിയത് അശ്വിനിയാണ്.
ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിലെ ഒന്നാം നമ്പർ ബൂത്തിലാണ് അശ്വിനി വോട്ടുചെയ്തത് മഞ്ചേശ്വരം ഗേരുക്കട്ടെയിൽ അംഗൻവാടി അധ്യാപികയാണ് അശ്വിനി.ഇത്തവണ ഉദ്യാവാർ ജി.എൽ.പി സ്കൂളിൽ ബൂത്ത് ലെവൽ ഓഫീസറായി നിയോഗിക്കപ്പെട്ടതിനാൽ ജോലിക്ക് നേരത്തെ പ്രവേശിക്കേണ്ടതുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക അനുമതിയോടെയാണ് അശ്വിനി അതിരാവിലെ തന്നെ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
അമ്മ ഒന്നാം നമ്പർ ബൂത്തിലെ ആദ്യ വോട്ടറായപ്പോൾ മകൻ കാർത്തിക്കിന് ഇത് കന്നി വോട്ടിന്റെ ആവേശം കൂടിയാണ്. ബെജ്ഞാനപ്പദവ് കാനറ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ കാർത്തിക് ആദ്യമായാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുന്നത്. 1087 വോട്ടർമാരുള്ള കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസ് ഒന്നാം നമ്പർ ബൂത്ത് കൂടാതെ മറ്റു മൂന്ന് ബൂത്തുകൾ കൂടിയുണ്ട്.






