കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് നോക്കിനില്‍ക്കെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് നോക്കിനില്‍ക്കെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തെലങ്കാന സംഗറെഡ്ഡിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 29 കാരിയായ കവിതയെ ആണ് 36 കാരനായ ഭര്‍ത്താവ് മാലി പട്ടേല്‍ സിദ്ധ റെഡ്ഡി കുത്തിക്കൊലപ്പെടുത്തിയത്. പാനിപൂരി വില്‍പ്പനക്കാരനാണ് സിദ്ധ റെഡ്ഡി. കവിത വീട്ടിലിരുന്ന് തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികള്‍ക്ക് ഒമ്പതും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

മാര്‍ച്ച് 27ന് രാത്രിയാണ് കവിതയെ കാണാതായത്. ഇതുസംബന്ധിച്ച് സിദ്ധറെഡ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഫേസ്ബുക്കു വഴി പരിചയപ്പെട്ട പവന്‍ കുമാര്‍ റെഡ്ഡിക്കൊപ്പമാണ് കവിത ഒളിച്ചോടിയതെന്നും വീട്ടില്‍ നിന്ന് മൂന്നുലക്ഷം രൂപയുമായാണ് ഭാര്യ കാമുകനൊപ്പം പോയതെന്നും സിദ്ധ റെഡ്ഡി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയുള്ള പരിചയം പിന്നീട് പ്രണയമാകുകയായിരുന്നു. ഇവര്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരുടേയും ബന്ധം അറിയാനിടയായ സിദ്ധ റെഡ്ഡി ഭാര്യയെ താക്കീത് ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം ഒളിച്ചോടിയത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മഹബൂബ് നഗര്‍ ജില്ലയില്‍ നിന്ന് കവിതയെ കണ്ടെത്തുകയും കൗണ്‍സിലിംഗിനുശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിനിടെ സദാശിവപേട്ട് മണ്ഡലത്തിലെത്തിയപ്പോഴാണ് കവിതയ്‌ക്കൊപ്പം വണ്ടിയില്‍ ഇരുന്നിരുന്ന സിദ്ധറെഡ്ഡി കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായ സിദ്ധ റെഡ്ഡി കവിതയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്തം വാര്‍ന്ന് സംഭവ സ്ഥലത്തുതന്നെ കവിത മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാതാവ് മരിക്കുകയും പിതാവ് കൊലപാതകത്തിന് ജയിലിലാവുകയും ചെയ്തതോടെ അനാഥരായ കുട്ടികളെ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും സംരക്ഷണയില്‍ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page