നിയമസഭാ തെരഞ്ഞെടുപ്പ് : കാസർകോട് ജില്ലയില്‍ നിരോധനാജ്ഞ

കാസർകോട്:കാസർകോട് ജില്ലയിൽ ഏപ്രിൽ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനു ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അര്‍ജുന്‍ പാണ്ഡ്യനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത് . സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍ ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുമായാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നതെന്നു ജില്ലാ കലക്ടർ അറിയിച്ചു.നിരോധന കാലയളവില്‍ ജില്ലയില്‍ നിയമവിരുദ്ധമായ സംഘം ചേരലുകള്‍ക്കോ പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയുണ്ടായിരിക്കില്ല. മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരോ പ്രചാരകരോ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ മണ്ഡലത്തില്‍ തുടരാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനും കര്‍ശനമായ നിരോധനമുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളില്‍ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒഴികെ മറ്റാര്‍ക്കും മൊബൈല്‍ ഫോണുകളോ വയര്‍ലെസ് സെറ്റുകളോ ഉപയോഗിക്കാന്‍ അനുവാദമില്ല.പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് പൊതുജനങ്ങളുടെ സാധാരണ ജീവിതത്തെയോ ജോലിയെയോ ബാധിക്കില്ല. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, മറ്റ് സ്വകാര്യ ആഘോഷങ്ങള്‍ എന്നിവയ്ക്കും വോട്ട് രേഖപ്പെടുത്താന്‍ പോകുന്നതിനും നിയന്ത്രണങ്ങള്‍ ബാധകമല്ല. വോട്ടെടുപ്പിന് മുന്‍പുള്ള 48 മണിക്കൂറില്‍ വീടുകള്‍ കയറിയുള്ള പ്രചാരണങ്ങള്‍ക്കും തടസ്സമുണ്ടാകില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 206 പ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page