മുംബൈ: വന്ദേ ഭാരത് എക്‌സ്‌പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തി യെന്നു വീണ്ടും വിവാദം. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്തിരുന്ന ഒരാൾക്ക് ലഭിച്ച ദാൽ-ചാവലിൽ ചത്ത പ്രാണിയെ കണ്ടതായി അദ്ദേഹം ആരോപിച്ചു.ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
തന്റെ കോച്ചിൽ തന്നെ ഇതുപോലുള്ള രണ്ടുപ്രത്യേക സംഭവങ്ങൾ കൂടി ഉണ്ടായതായി യാത്രക്കാരൻ ആരോപിച്ചു. ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ സഹയാത്രക്കാരിൽ പലരും ഭക്ഷണം കഴിക്കുന്നത് നിർത്തുകയും ശേഷിച്ച ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്തു.
ഭക്ഷണം മാനദണ്ഡങ്ങൾ പാലിച്ചല്ല തയ്യാറാക്കുന്നതെന്ന ആശങ്കയും യാത്രക്കാരൻ ഉയർത്തി. വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും, സംഭവങ്ങൾ കൈക്കൂലി വാങ്ങി ഒത്തുതീർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം വൈറലായതോടെ റെയിൽവേ കാറ്ററിംഗ് വിഭാഗം പ്രതികരണവുമായി രംഗത്തെത്തി. ഭക്ഷണ വിതരണക്കാരായ കരാർ കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയതായും കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ ഐ ആർ സി ടി സി ഖേദം പ്രകടിപ്പിച്ചു.
ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിബദ്ധമാണെന്നും വിഷയത്തെ ഗൗരവത്തോടെ കാണുന്നതായും അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ റെയിൽവേ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നിട്ടുണ്ട്. ഉയർന്ന നിരക്കുള്ള ട്രെയിനുകളിൽ ഇത്തരം അശ്രദ്ധകൾ അംഗീകരിക്കാനാവില്ലെന്ന് യാത്രക്കാർ പ്രതികരിക്കുന്നു. ചിലർ ട്രെയിനിലെ ഭക്ഷണം ഒഴിവാക്കി സ്വന്തം ഭക്ഷണം കരുതുന്നതാണ് സുരക്ഷിതമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.







