പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് ഇയാള്‍ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയും ബന്ധുക്കളും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന് കൂട്ടാക്കാതിരുന്ന ഇയാളെ അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.
ചെന്നീര്‍ക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാളെ താഴെ ഇറക്കാന്‍ നടത്തിയ അനുനയ ശ്രമങ്ങളെല്ലാം പരാചയപ്പെട്ടതോടെ സമീപവാസികള്‍ കെ.എസ്.ഇ. ബി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിനിടെ പത്തനംതിട്ടയില്‍ നിന്ന് അഗ്നിരക്ഷാസേനയും ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി ട്രാന്‍സ്ഫോര്‍മറിന് ചുറ്റും സേഫ്റ്റി നെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി, ഏണി ഉപയോഗിച്ച് മുകളില്‍ കയറിയാണ് ഇയാളെ താഴെ എത്തിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ യുവാവിനെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു.







