യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മേധാവി മാജിദ് ഖാദേമി കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇന്റലിജന്‍സ് മേധാവി മാജിദ് ഖാദേമി കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ കൊല്ലപ്പെട്ടതെന്ന് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ആരോപിച്ച ഇറാന്‍ അഞ്ച് പതിറ്റാണ്ടോളം ഇറാന്റെ സുരക്ഷാ – ഇന്റലിജന്‍സ് മേഖലകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഖാദേമി എന്ന് അഭിപ്രായപ്പെട്ടു.

ശത്രുരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഖാദേമി വലിയ പങ്ക് വഹിച്ചിരുന്നുവെന്ന് ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. ഖാദേമി എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടില്ല. ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ മുന്‍ഗാമിയായ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവിയായി ഖാദേമിയെ നിയമിച്ചത്.

ഫെബ്രുവരി 28ന് ഇസ്രയേല്‍ – യുഎസ് ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഉന്നത റാങ്കിലുള്ള ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് ഖാദേമി. കഴിഞ്ഞ മാസം ഇറാന്റെ സുരക്ഷാ മേധാവിയായിരുന്ന അലി ലാരിജാനി, ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ്, കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍, ഐആര്‍ജിസി വക്താവ് അലി മുഹമ്മദ് നൈനി, ബാസിജ് സേനാ തലവന്‍ ഗുലാംറെസ സുലൈമാനി തുടങ്ങിയവര്‍ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച പുലര്‍ച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് ചുറ്റുമുള്ള ജനവാസ മേഖലകളില്‍ നിരവധി വ്യോമാക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. പിന്നാലെയാണ് ഇന്റലിജന്‍സ് ചീഫിന്റെ മരണം ഐആര്‍ജിസി സ്ഥിരീകരിച്ചത്.

അതിനിടെ ടെഹ്‌റാനില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെ ജനവാസ മേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്‌ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ അമേരിക്കയോ ഏറ്റെടുത്തിട്ടില്ല.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടക്കുന്നതായി വിലയിരുത്തപ്പെടുന്ന ടെഹ്‌റാനിലെ ഷരീഫ് യൂണിവേഴ്‌സിറ്റിക്കെതിരെയും പുലര്‍ച്ചെ ആക്രമണം നടന്നിരുന്നു. ഷരീഫ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page