കൊല്ലം: കൈകൊട്ടിക്കളിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ മാതാവിനെ പൊലീസ് അറസ്റ്റുചെയ്തു. 2025 നവംബറില്‍ പുനലൂരില്‍ നടന്ന സംഭവത്തില്‍ മണിയാര്‍ എരിച്ചിക്കല്‍ സ്വദേശിനി മിനി, മകന്‍ ചിക്കുരാജ്(31) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തിനുപിന്നാലെ ഒന്നാം പ്രതി ചിക്കുരാജ് ഒളിവില്‍ പോയി. കേസില്‍ മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൈകൊട്ടിക്കളി സംഘത്തില്‍ അംഗമായ കുട്ടിയെ ട്രൂപ്പിന്റെ കോര്‍ഡിനേറ്ററായ മിനിയുടെ മകന്‍ പുനലൂര്‍ എരിച്ചിക്കലിലുള്ള വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
വിവരമറിഞ്ഞ് ഒന്നാംപ്രതിയുടെ അമ്മയും കേസില്‍ രണ്ടാം പ്രതിയുമായ മിനി പെണ്‍കുട്ടിയുടെ വാടക വീട്ടിലെത്തി മാതാപിതാക്കളോട് പീഡന വിവരം പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെ പീഡന വിവരം പുറത്തുവരികയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പോക്‌സോ, ബാലവകാശ നിയമം, പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. മിനിയെ കോടതി റിമാന്റ് ചെയ്തു. ഒളിവില്‍ പോയ ഒന്നാം പ്രതി ചിക്കുരാജിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.







