കാസര്‍കോട്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനായി റാഡ് ഇറക്കുന്നതിനിടയില്‍ ജീപ്പ് പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്, നാമക്കല്‍, സീതാരാമപാളയം, മാങ്കുട്ടിപാളയത്തെ രാജഗോപാലിന്റെ മകന്‍ മുരളി രാജഗോപാല്‍ (40) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണാട്ടികലവലയിലാണ് അപകടം.
കുഴല്‍ കിണര്‍ കുഴിക്കുന്നതിനായുള്ള റാഡുകള്‍ ജീപ്പിലാണ് സ്ഥലത്ത് എത്തിച്ചത്. ഇറക്കമുള്ള സ്ഥലത്ത് ജീപ്പ് നിര്‍ത്തി റാഡുകള്‍ ഇറക്കുന്നതിനിടയില്‍ അബന്ധത്തില്‍ പിന്നോട്ട് നീങ്ങിയ ജീപ്പ് മുരളിരാജഗോപാലിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് ജീപ്പിന്റെ പിറകു ഭാഗത്ത് കൂടുതല്‍ ആരും ഇല്ലായിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






