കാസർകോട് : ഒരു അധ്യാപകനോട് സ്കൂളും നാടും വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളും വിധേമാ വുന്നത് അപൂർവമാണ്. ചെമ്മാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാ ധ്യാപകനായിരുന്ന ഡോ: സുകുമാരൻ അത്തരമൊരനുഭവം നാടിനു സമ്മാനിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിച്ചു.
ചെമ്മനാട് പെരുമ്പള യിലെ പ്രമുഖ കർഷകനായ ചന്തു നായരുടേയും അടിയോടി കാർത്ത്യായനി അമ്മയുടേയും മകനായഅദ്ദേഹം വീടിന് തൊട്ടടുത്തുള്ള കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചട്ടഞ്ചാൽ സ്കൂളിൽ നിന്നുഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർ ത്തിയാക്കി.
കാസർകോട് ഗവ:
കോളേജിൽ നിന്നു ഡിഗ്രിക്ക് കെമിസ്ട്രിയിൽ കോളേജ് ടോപ്പറായി.
മടപ്പള്ളി ഗവ. കോളേജിൽ നിന്നും കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം പൂർത്തിയാക്കി.തുടർന്ന്
എഡ്യൂക്കേഷനിൽ മാസ്റ്റർ ബിരുദം നേടി.കാസർകോട് ബി.എഡ് സെന്ററിന്റെ ആദ്യ ബാച്ചിൽ ഫിസിക്കൽ സയൻസ് അധ്യാപകനായി 1994 ൽ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതോടൊപ്പം നിരവധി വൊക്കേഷണൽ ഹയർ സെക്കണ്ടറികളിലും സേവനമനുഷ്ഠിച്ചു. കെമിസ്ട്രിയിലുള്ള അഗാധ താല്പര്യമാണ് ആ വിഷയത്തിൽ ഡോക്ടറേറ്റെടുക്കാൻ പ്രേരകമായത് .
കാസർകോട് സിപിസിആർഐ സീനിയർ സയന്റിസ്റ്റ് ഡോ: ബിദ്ധപ്പയായിരുന്നു ഗൈഡ്. 1997 ൽ ചെമ്മനാട് ജമാ-അത്ത് ഹ യർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ അധ്യാപകനായി. 1998 ൽ ചെമ്മനാട് ജമാഅത്ത് സ്കൂൾ ഹയർ സെക്കണ്ടറിയായപ്പോൾ സീനിയർ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. അന്ന് മുതൽ ചെമ്മനാട് ജമാഅത്ത് സ്കൂളിൻ്റെ അവിഭാജ്യ ഘടകമായി . ചെമ്മനാട് ജമാഅത്ത് സ്കൂളിനെ ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വില മതിക്കാനാറാത്തതാണ്. 2013 മുതൽ 2016 വരെ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായിരിക്കെ, തന്റെ സാമൂഹ്യ പ്രതിബദ്ധതയും അദ്ദേഹംഎടുത്തുകാട്ടി.അക്കാദമിക രംഗത്തും തന്റെ മികവു തെളിയിച്ചു. നിരവധി തവണ സ്റ്റേറ്റ് റിസോഴ്സ് പേഴ്സനായി സേവനമനുഷ്ഠിച്ചു. മൈസൂർ റീജിയണൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് റസിഡൻഷ്യൽ കോഴ്സിൽ പങ്കെടുത്ത അദ്ദേഹം . ഹയർ സെക്കണ്ടറി ക്വസ്റ്റ്യൻ പേപ്പർ സെറ്റർ ആയും സേവനമനുഷ്ഠിച്ചിരുന്നു.
2020 ജൂണിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി.
കോവിഡിന്റെ രൂക്ഷതയിലും വിദ്യാർത്ഥികൾ പഠനത്തിൽ നിന്ന് അകന്നു പോകാതിരിക്കാൻ ലഭ്യമായ എല്ലാ സാധ്യതകളും വിജയകരമായി പ്രയോജനപ്പെടുത്തി. കോവിഡാനന്തര കാലഘട്ടത്തിൽ വിദ്യാർത്ഥി സമൂഹത്തിലുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാനും പുതിയ പുതിയ നേട്ടങ്ങളിലേക്ക് അവരെ എത്തിക്കാനും പ്രയത്നിച്ചു. കലാ- കായിക -പ്രവൃത്തി പരിചയ- ശാസ്ത്രമേളകളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച സ്ഥാനം കൈവരിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് സാധിച്ചു. നിരവധി തവണ സബ്ബ് ജില്ലാ -ജില്ലാ കലോൽസവങ്ങൾക്കും ശാസ്ത്ര മേളകൾക്കും ചെമ്മാട് സ്കൂൾ വേദിയായപ്പോൾ അതിന്റെ മുൻ നിരയിൽ നിന്ന് നയിച്ച് സമ്പൂർണ്ണ വിജയമാക്കി മാറ്റി.പ്രിൻസിപ്പലായിരിക്കേ നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ പി.ടി.എ- മാനേജ്മെന്റ്- പൂർവ്വ വിദ്യാർത്ഥികൾ- നാട്ടുകാർ എന്നിവരെ സഹകരിപ്പിച്ചു കൊണ്ട് സ്കൂളിൽ പഠിക്കുന്ന നിർധനരായ മൂന്നു വിദ്യാർത്ഥികൾക്ക് വീടു നിർമ്മിച്ചു നൽകി. കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാനും സാധിച്ചു.
ഇന്ന് എല്ലാ മേഖലകളിലും തലയുയർത്തി നിൽക്കുന്ന മികച്ച പഠനാന്തരീക്ഷമുളള ഒരു സ്കൂളായി സി.ജെ മാറിയിട്ടുണ്ടെങ്കിൽ സുകുമാരൻ മാഷിന്റെ 29 വർഷത്തെ കഠിന ശ്രമങ്ങൾ അതിനു പിന്നിലുണ്ടെന്നത് ഒരിക്കലും മായ്ച്ച് കളയാനാവാത്ത സത്യമായി നിലനിൽക്കുന്നു.
ഭാര്യ: ജയശ്രീ എ എസ് ഇതേ സ്കൂളിലെ മലയാളം അധ്യാപികയാണ്.
മക്കൾ :
അരുന്ധതി എസ് നായർ
അരുൺ എസ് നായർ.






