ഫ്ലോറിഡ: നാസയുടെ എസ്.എൽ.എസ് .റോക്കറ്റ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. നാല് അംഗങ്ങളുമായി ഒരിയൻ ബഹിരാകാശ പേടകമാണ് ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ബഹിരാ കാശത്തേക്ക്
കുതിച്ചത്.
ദൗത്യത്തിൽ മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ , പൈലറ്റ് വിക്ടർ ഗ്ലോവർ , മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റിന കൊച്ചേ , ജെറെമി ഹാൻസെൻ എന്നിവരാണ് ഉൾപ്പെട്ടി ട്ടുള്ളത്. പത്ത് ദിവസത്തിനുള്ളിൽ ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം.
ചരിത്രത്തിൽ ആദ്യമായി ഒരു സ്ത്രീയും ഒരു കറുത്ത വർഗക്കാരനും ഉൾപ്പെടുന്ന മനുഷ്യ ചാന്ദ്ര ദൗത്യമാണ് ഇത്. ക്രിസ്റ്റിന കൊച്ചേ ചന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയും, വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗക്കാരനും ആണ്. കൂടാതെ, ജെറെമി ഹാൻസെൻ ആദ്യ അമേരിക്കൻ അല്ലാത്ത ബഹിരാകാശ സഞ്ചാരിയായും ചരിത്രത്തിൽ ഇടം നേടി.
യാത്രയ്ക്ക് മുമ്പ് സംഘാംഗങ്ങൾ കർശനമായ ക്വാറൻ്റീൻ സംവിധാനത്തിൽ ആയിരുന്നു. ഉറക്കം, ഭക്ഷണം, വെള്ളം എന്നിവയിലൊക്കെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ ദൗത്യത്തിൽ “റൈസ് ” എന്ന ചെറിയ പാവയും കൂട്ടായി ഉണ്ടാകും. അതിനകത്ത് 56 ലക്ഷം ആളുകളുടെ പേരുകൾ ഉൾപ്പെടുത്തിയ മെമ്മറി കാർഡും ഉൾക്കൊള്ളുന്നു.
1972-ലെ അപ്പോളോ 17 ന് ശേഷം മനുഷ്യരെ ചന്ദ്രഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ആദ്യ ദൗത്യമാണ് ഇത്. മുമ്പ് 2022-ൽ നടന്ന ആളില്ലാ ആർട്ടേമിസ് -I വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഭാവിയിൽ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ ദൗത്യങ്ങൾ നടത്തുന്നത്.കൂടാതെ ഈ രംഗത്ത് ചൈന യെ മറികടക്കുന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.







