കൊച്ചി: സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി തള്ളിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. എ.ഐ.വൈ. എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആണ് ഹര്‍ജി നല്‍കിയത്.
സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഈ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.







