തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് നിർവഹണത്തിൽ കേരളം മികച്ച നേട്ടം കൈവരിച്ചെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പ്രസ്താവിച്ചു.മാർച്ച് 31-ന് സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി ചെലവ് 106.46 ശതമാനത്തിലെത്തി.രണ്ട് തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലും ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചെ ന്നു മന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവ് 78.12 ശതമാനം പൂർത്തിയായ നിലയിലാണ്.എന്നാൽ, പെരുമാറ്റച്ചട്ടം കാരണം തെരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ അനുമതി കാത്തിരിക്കുന്ന ഏകദേശം 2,000 കോടി രൂപയുടെ ചെലവുകൾക്കു കൂടി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പദ്ധതി ചെലവ് 98 ശതമാനത്തോളം ഉയരുമെന്ന് ധനമന്ത്രി പറഞ്ഞു. ഈ തുക പുതിയ സാമ്പത്തിക വർഷത്തിൽ സ്പിൽഓവർ ആയി അനുവദിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.







