തൃശൂര്‍: നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടനടി ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച ബസ് ജീവനക്കാര്‍ക്കും സഹയാത്രികര്‍ക്കും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. തിരുവില്വാമല തൃശൂര്‍ റൂട്ടിലോടുന്ന ഹരേ കൃഷ്ണ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് സാഹസിക യാത്ര നടത്തി യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ചേലക്കോട് സ്വദേശിയായ ഉണ്ണികൃഷ്ണ(60)നാണ് യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഇത് ശ്രദ്ധയില്‍പ്പെട്ട സഹയാത്രക്കാരായ ചേലക്കര സ്വദേശി ശങ്കറും തോന്നൂര്‍ക്കര സ്വദേശി പ്രസാദും ബസ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ബസില്‍ വച്ച് ഇരുവരും ചേര്‍ന്ന് ഉണ്ണികൃഷ്ണന്റെ നെഞ്ചില്‍ അമര്‍ത്തി ശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ബസ് ഡ്രൈവര്‍ അരുണും കണ്ടക്ടറായ മനോജും ഉണ്ണികൃഷ്ണനെ ആശുപത്രിയിലെത്തിക്കാന്‍ സാഹസിക യാത്രയായിരുന്നു നടത്തിയത്.
അധികം വൈകാതെ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ഉണ്ണികൃഷ്ണന്‍ സിപിആര്‍ നല്‍കിയതോടെ ശ്വാസം വീണ്ടെടുത്തു. വിദഗ്ധ ചികിത്സയ്ക്കായി വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒരു ജീവന്‍ വീണ്ടെടുക്കാനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമെത്തുകയാണ്. ആശുപത്രിയിലേക്ക് ബസ് കയറ്റുന്നതിനിടെ മുന്‍വശവും പിന്‍വശവും റോഡില്‍ ഇടിച്ച് ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.







