കാസര്‍കോട്: സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിട്ട് തടഞ്ഞു നിര്‍ത്തി പ്രശ്‌നമുണ്ടാക്കിയ സംഭവം അറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് നിരവധി കേസുകളില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. മുട്ടത്തൊടി, പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും ഉദുമ, മീത്തല്‍ മാങ്ങാട് സ്വദേശിയുമായ കെഎം നൗഷാദി(36)നെയാണ് അറസ്റ്റു ചെയ്തത്. എസ്‌ഐ എം നെജില്‍ രാജിന്റെ പരാതിപ്രകാരമാണ് കേസ്. ചൊവ്വാഴ്ച രാവിലെ 8.40 മണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു സമീപത്താണ് സംഭവം.
സ്വകാര്യ ബസിനു കുറുകെ ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട് ഗതാഗത തടസ്സം ഉണ്ടാക്കിയ വിവരമറിഞ്ഞാണ് എസ്‌ഐ നെജില്‍രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്ത് എസ്‌ഐയെയും കൂടെ ഉണ്ടായിരുന്ന പൊലീസുകാരെയും തള്ളിമാറ്റി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. ബസിനു മുന്നില്‍ നിന്നു ഓട്ടോ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ “എനിക്ക് ഇതൊന്നും പുത്തരിയല്ല. ഇങ്ങനെയുള്ള കേസുകള്‍ മുമ്പ് കുറേയുണ്ട്. നിങ്ങള്‍ക്കൊന്നും ഒരു പുല്ലും ചെയ്യാന്‍ പറ്റില്ല” എന്നു പറഞ്ഞാണ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതെന്നും എസ്‌ഐ നല്‍കിയ പരാതിയില്‍ പറഞ്ഞു.






