നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചരണത്തിനു ഇനി ഒരാഴ്ച മാത്രം; മീനച്ചൂടിനെ മറികടന്നു പ്രചരണച്ചൂട്

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനു കൊടിയിറങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കി. വേനല്‍ മഴയെ തുടര്‍ന്ന് മീനച്ചൂടിനു അല്‍പം ശമനം ഉണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പു ചൂട് പ്രതിദിനം കത്തിക്കയറി കൊണ്ടിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ തുടക്കത്തില്‍ പല സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും ഈസിയായി വിജയിച്ചുകയറാമെന്നു കണക്കുകൂട്ടിയിരുന്നുവെങ്കിലും പോരിന്റെ വീര്യം കൂടിയതോടെ എവിടെയും എന്തും സംഭവിക്കാമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വടക്കേ അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ബി ജെ പിയുടെ സാധ്യതാ പട്ടികയില്‍ ഏറെ പ്രാധാന്യമുള്ള മണ്ഡലമാണിത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലത്തില്‍ ആര്, ആരെ കീഴടക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതു വഴി മണ്ഡലം സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായിട്ടുണ്ട്.
സിറ്റിംഗ് എം എല്‍ എയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ എ കെ എം അഷ്‌റഫ് ബുധനാഴ്ച മംഗല്‍പ്പാടി മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പു പര്യടനം നടത്തുന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രാവിലെ എന്‍മകജെ പഞ്ചായത്തില്‍ പര്യടനം നടത്തി. ഉച്ചകഴിഞ്ഞ് പുത്തിഗെ പഞ്ചായത്തിലാണ് പര്യടനം നടത്തുക.

യു ഡി എഫിന്റെ ഇളകാത്ത കോട്ടയെന്നു അരനൂറ്റാണ്ടായി കരുതി പോരുന്ന മണ്ഡലമാണ് കാസര്‍കോട്. ഇവിടെ ഇക്കുറി മൂന്നു സ്ഥാനാര്‍ത്ഥികളും നിയമസഭയിലേയ്ക്ക് ആദ്യമായാണ് ഗോദയില്‍ ഇറങ്ങിയത്. മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് , യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചിട്ടുള്ള കല്ലട്ര മാഹിന്‍ ഹാജിയാണ് ലീഗ് സ്ഥാനാര്‍ത്ഥി.
എന്‍.എ നെല്ലിക്കുന്നിന്റെ പിന്‍ഗാമിയായി നിയമസഭയില്‍ എത്താമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് കല്ലട്ര. ബെള്ളൂര്‍, കുംബഡാജെ പഞ്ചായത്തുകളിലാണ് കല്ലട്രയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണം. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനിയാണ് ബിജെപിക്കായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ അപ്രതീക്ഷിത രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് അശ്വിനിയും പാര്‍ട്ടിയും. ബുധനാഴ്ച രാവിലെ പാര്‍ട്ടി യോഗങ്ങളില്‍ സംബന്ധിച്ച അശ്വിനി ഉച്ചക്ക് പെര്‍ദ്ദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ സംബന്ധിച്ചു. ഉച്ചകഴിഞ്ഞ് കാസര്‍കോട് നഗരത്തിലെത്തി വോട്ടഭ്യര്‍ത്ഥന നടത്തും.
അപ്രതീക്ഷിതമായി ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും അദ്ദേഹത്തിന്റെ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആളിളക്കിയുള്ള പ്രചരണപാതയില്‍ നിന്നു മാറിയുള്ള പ്രചാരണമാണ് അദ്ദേഹത്തിന്റേത്.

1987ല്‍ കെ.പി കുഞ്ഞിക്കണ്ണനു ശേഷം വിജയത്തിന്റെ ത്രിവര്‍ണ്ണ പതാക പാറാത്ത മണ്ഡലമാണ് ഉദുമ. സിറ്റിംഗ് എംഎല്‍എയായ സിഎച്ച് കുഞ്ഞമ്പുവാണ് ഇടതു സ്ഥാനാര്‍ത്ഥി. ഇടതു മുന്നണി തുടര്‍ഭരണത്തിലെത്തിയാല്‍ സിഎച്ച് കുഞ്ഞമ്പുവിലൂടെ ഒരു മന്ത്രിസ്ഥാനം മണ്ഡലവും പാര്‍ട്ടിയും പ്രതീക്ഷിക്കുന്നുണ്ട്. പ്രചരണ രംഗത്തു തുടക്കം മുതല്‍ സജീവമായിട്ടുളള കുഞ്ഞമ്പു ബുധനാഴ്ച ബേഡകം പഞ്ചായത്തിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. കുഞ്ഞമ്പുവിനെ പിടിച്ചു കെട്ടി മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് ഇറക്കിയ കെ. നീലകണ്ഠന്‍ ബുധനാഴ്ച പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ പ്രചരണം നടത്തുന്നു. ബിജെപി സ്ഥാനാര്‍ത്ഥി മനുമേലത്തും തെരഞ്ഞെടുപ്പു രംഗത്ത് സജീവമാണ്. .

ഇ. ചന്ദ്രശേഖരന്റെ പിന്‍ഗാമിയാകാന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി
കളത്തിലിറങ്ങിയ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ബുധനാഴ്ച രാവിലെ നാണംകൂടലില്‍ നിന്നു പ്രചരണം ആരംഭിച്ചു. വൈകുന്നേരം 6.30ന് പാണത്തൂരില്‍ സമാപിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈജു ഓട്ടപ്പള്ളിയും ബിജെപിയിലെ ബെൽ രാജ്യം പ്രചരണ രംഗത്ത് സജീവമാണ്.

ജില്ലയുടെ തെക്കേ അറ്റത്തുള്ള മണ്ഡലമാണ് തൃക്കരിപ്പൂര്‍. വിപ്ലവത്തിന്റെ ഈറ്റില്ലമെന്നു ചരിത്രം അടയാളപ്പെടുത്തിയ കയ്യൂരിന്റെ ചുവന്ന മണ്ണ് ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലം. മണ്ഡലത്തിന്റെ മധ്യ ,കിഴക്കന്‍ ഭാഗത്ത് ഇടതു മുന്നണിക്കാണ് ശക്തമായ വേരോട്ടവും വോട്ടു ശക്തിയും. എന്നാല്‍ തീരദേശത്തിന്റെ വോട്ടുഗരിമയില്‍ മണ്ഡലം ഇത്തവണയെങ്കിലും കൈയിലൊതുക്കാമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.
ഇടതു സ്ഥാനാര്‍ത്ഥി വിപിപി മുസ്തഫയുടെ രണ്ടാംഘട്ട പ്രചരണ പരിപാടി കപ്പാത്തിയില്‍ നിന്നു ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയും മണ്ഡലത്തില്‍ സജീവമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page