ഗുവാഹത്തിയിൽ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 127 റൺസിൽ ഒതുങ്ങി. രാജസ്ഥാൻ റോയൽസിന് 128 റൺസിന്റെ വിജയലക്ഷ്യം. ടോസ് ജയിച്ച രാജസ്ഥാൻ ചെന്നൈയെ ബാറ്റ് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ വെറും 6 റൺസ് നേടി രണ്ടാം ഓവറിൽ ബർഗറുടെ പന്തിൽ ബൗൾഡായി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും 6 റൺസ് മാത്രം നേടി ആർച്ചറുടെ പന്തിൽ ബൗൾഡായി മടങ്ങി. ആയുഷ് മാത്രേ ആദ്യ പന്തിൽ തന്നെ പുറത്തായി. പവർപ്ലേ തീരുന്നതിന് മുമ്പ് മാത്യു ഷോർട്ടും 2 റൺസ് നേടി പുറത്തായതോടെ ചെന്നൈ വലിയ പ്രതിസന്ധിയിലായി.
സർഫറാസ് ഖാൻ 17 വും കാർത്തിക് ശർമ 18 വുംറൺസ് നേടി ഒരു പരിധിവരെ ചെറുത്തുനിന്നെങ്കിലും ടീമിനെ കരകയറ്റാൻ കഴിഞ്ഞില്ല. ജഡേജ, ബ്രിജേഷ് ശർമ എന്നിവർ ഇവരെ പുറത്താക്കി. ശിവം ദുബെ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി എന്നിവരും വേഗം പവലിയൻ കണ്ടതോടെ ഒമ്പത് വിക്കറ്റിന് 94 റൺസ് എന്ന നിലയിലെത്തി ചെന്നൈ.
ഈ ഘട്ടത്തിൽ ജാമി ഓവർടോൺ 36 പന്തിൽ 43 റൺസ് നേടി ടീമിനെ ഒരു മാന്യമായ സ്കോറിലെങ്കിലും എത്തിച്ചു. രണ്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെയുള്ള ആ ഇന്നിംഗ്സ് ചെന്നൈക്ക് വലിയ ആശ്വാസമായി. അവസാന ഓവറിൽ ഓവർടോൺ റൺഔട്ടായി. അൻഷുൽ കാംബോജ് 7 റൺസുമായി നോട്ടൗട്ടായി നിന്നു. പരിക്കേറ്റ ധോണിയും ബ്രേവിസും ഇല്ലാതെ ഇറങ്ങിയത് ചെന്നൈക്ക് വലിയ തിരിച്ചടിയായി. ബൗളിങ്ങിൽ ബർഗർ, ആർച്ചർ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി രാജസ്ഥാന്റെ ആക്രമണത്തിന് നേതൃത്വം നൽകി.







