കൊല്‍ക്കത്ത: ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ യുവനടന്‍ കടലില്‍ മുങ്ങിമരിച്ചു. ബംഗാളി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനായ രാഹുല്‍ അരുണോദയ് ബാനര്‍ജിയാണ് (43) മരിച്ചത്. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലുള്ള ദിഘയ്ക്ക് അടുത്തുള്ള ബീച്ചില്‍ ബംഗാളി ടെലിവിഷന്‍ പരമ്പരയായ ഭോലേ ബാബ പര്‍ കരേഗയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു.
ചിത്രീകരണത്തിനായി കടലില്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തിനടിയിലുള്ള വസ്തുവില്‍ കുരുങ്ങുകയായിരുന്നു. തിരയില്‍ വീണ അദ്ദേഹത്തെ യൂണിറ്റിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒഡിഷ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിയങ്ക സര്‍ക്കാരാണ് രാഹുലിന്റെ ഭാര്യ. മാതാവും ഒരു കുട്ടിയുമുണ്ട്.
മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ളവര്‍ നടന്റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ചു. ‘രാഹുല്‍ അരുണോദയ് ബാനര്‍ജി ഇനി നമുക്കൊപ്പം ഉണ്ടാവില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിവായിട്ടില്ല. എന്റെ ഇഷ്ട നടന്മാരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദു:ഖത്തില്‍ പങ്ക് കൊള്ളുന്നു. ബംഗാളി വിനോദ വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം’- മമത ബാനര്‍ജി പറഞ്ഞു.
ബംഗാളി സിനിമകളില്‍ ക്യാരക്റ്റര്‍ റോളുകളിലൂടെ പ്രശസ്തനായ രാഹുല്‍ ബാനര്‍ജി സീരിയലുകളിലെയും സജീവ സാന്നിധ്യമാണ്. 2008 ല്‍ പുറത്തിറങ്ങിയ ചിരോദിനി തുമി ജേ അമര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അദ്ദേഹം തുമി അസ്‌ബെ ബോലേ (2014), സുല്‍ഫിഖര്‍ (2016), ബ്ലോംകേഷ് ഗോത്രോ (2018), ദി അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്‌സ് (2025) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.







