കാസര്‍കോട്: രാവിലെ ചട്ണിയും സാമ്പാറും കൂട്ടി രണ്ട് ഇഡ്ഡലികഴിക്കുന്നത് ഒരു രസമാണ്. ഒരു സുഖവും. തെക്കേ ഇന്ത്യക്കാര്‍ ഇഡ്ഡലി വിശേഷപ്പെട്ട ഭക്ഷണ വിഭവമായി പണ്ടേ കരുതുന്നു. അതു പിന്തുടരുകയും ചെയ്യുന്നു. പാകം ചെയ്യാനുള്ള സൗകര്യവും എളുപ്പവുമുള്ളതും പ്രഭാത ഭക്ഷണമായി ഇഡ്ഡലിയെ തിരഞ്ഞെടുക്കുന്നതിനു പ്രേരകമായിട്ടുണ്ടാവാമെന്നും കരുതുന്നുണ്ട്.
വിദേശികള്‍ അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ക്ക് ഒരു ദിവസം തിരഞ്ഞെടുത്ത് ആഘോഷിക്കാറുണ്ട്. മറ്റു പലതും അനുകരിക്കുന്നതു പോലെ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമായ ഇഡ്ഡലിക്കും നാട്ടില്‍ ഇതേ സ്ഥാനം നല്‍കി ആദരിക്കുകയാണ്. 2015 മാര്‍ച്ച് 30നാണ് ഇഡ്ഡലിദിനം ചെന്നൈയില്‍ ആദ്യമായി ആഘോഷിച്ചത്. കേരളീയരെക്കാള്‍ തമിഴ്‌നാട്ടുകാരാണ് ഇഡ്ഡലിക്കു കൂടുതല്‍ പ്രചാരം നല്‍കിയത്. ഇപ്പോള്‍ ലോകാരോഗ്യ സംഘടനവരെ ഇഡ്ഡലിയെ ഉന്നത പോഷകാഹാര ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്നു. തമിഴ്‌നാട്, കേരളം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സിംഗപ്പൂര്‍, മലേഷ്യ, ബര്‍മ്മ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഇഡ്ഡലി ഇഷ്ടഭക്ഷണമാണ്. കര്‍ണ്ണാടകയിലാണ് ഇന്ത്യയില്‍ ആദ്യമായി ഇഡ്ഡലി പ്രചാരത്തിലായതെന്നു കരുതുന്നു. പിന്നീട് ഇതിന്റെ രുചി പാലക്കാട്ടെത്തി. അവിടെ നിന്നു തമിഴ്‌നാട്ടില്‍ എത്തി കൂടുതല്‍ പ്രചാരം നേടുകയായിരുന്നുവെന്ന് ഇഡ്ഡലി പുരാണങ്ങള്‍ അനുസ്മരിക്കുന്നു.






