വിശാഖപട്ടണം: കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കാമുകനായ നാവിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റുചെയ്തു. ഐഎന്‍എസ് ദേഗയിലെ ഉദ്യോഗസ്ഥനായ ചിന്തട രവീന്ദ്രയാണ്(35) കാമുകി പോളിപള്ളി മൗനികയെ(29) കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റുചെയ്തത്.
രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലെ മാതാപിതാക്കളുടെ വീട്ടില്‍ പോയ സമയത്ത് അയാള്‍ കാമുകിയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വീട്ടില്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2021 ല്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് മൗനികയെ രവീന്ദ്ര പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഭാര്യയുടെ കണ്ണുവെട്ടിച്ച് പലപ്പോഴും പാര്‍ക്കുകള്‍, തിയേറ്ററുകള്‍ തുടങ്ങി വിശാഖപട്ടണത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് ഇടയ്ക്കിടെ കാണാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ്, രവീന്ദ്രയുടെ ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയ അവസരം മുതലാക്കിയ രവീന്ദ്ര കാമുകിയോട് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടു. ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും അതിനിടെ പ്രകോപിതനായ രവീന്ദ്ര കാമുകിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി മുറിച്ച്, ചില ഭാഗങ്ങള്‍ ഒരു ബാഗില്‍ പൊതിഞ്ഞ് ആരും കാണാതെ പുറത്തുകൊണ്ടുപോയി ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. ബാക്കിയുള്ള ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചു.
തുടര്‍ന്ന് രവീന്ദ്ര പൊലീസ് സ്റ്റേഷനിലെത്തി കുറ്റ സമ്മതം നടത്തുകയായിരുന്നു. മൗനിക തന്റെ പക്കല്‍ നിന്ന് പലപ്പോഴായി 3.5 ലക്ഷം രൂപ വാങ്ങിയെന്നും, തങ്ങളുടെ ബന്ധത്തെ കുറിച്ച് ഭാര്യയോട് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടെന്നും രവീന്ദ്ര പൊലീസിനോട് പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ നിന്ന് മുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തി. എന്നാല്‍ മൗനികയുടെ തല കണ്ടെത്താനായില്ല. രവീന്ദ്ര അത് എവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറയുന്നു. കാണാതായ ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
2022 മെയ് 18 ന് നടന്ന ശ്രദ്ധ വാള്‍ക്കറിന്റെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ വെച്ച് വാള്‍ക്കറിനെ അവരുടെ ലിവ്-ഇന്‍ പങ്കാളിയായ ആഫ്താബ് അമിന്‍ പൂനാവാല ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിനുള്ളില്‍ വച്ചു. പിന്നീട് കണ്ടെത്താതിരിക്കാന്‍ തലസ്ഥാനത്തെ പലയിടങ്ങളിലുമായി ഉപേക്ഷിക്കുകയായിരുന്നു. സമാന സംഭവമാണ് ഇവിടെ നടന്നതെന്ന് പൊലീസ് പറഞ്ഞു.







