ബസ് യാത്രയ്ക്കിടയില്‍ ശല്യം ചെയ്യല്‍: പോക്‌സോ കേസ് പ്രതിയെ പരാതിക്കാരിയായ പെൺകുട്ടി ഉത്സവപ്പറമ്പില്‍ വച്ച് കുരുക്കി; പെര്‍ളടുക്കം സ്വദേശി റിമാന്റില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ ശല്യം ചെയ്ത കേസിൽ പ്രതിയായ 43 കാരനെ ഉത്സവപ്പറമ്പില്‍ വച്ച് ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പെര്‍ളടുക്കം സ്വദേശിയായ മണികണ്ഠന്‍ (43) എന്ന ആളെയാണ് കാസര്‍കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കരിച്ചേരി വിളക്കുമാടത്ത് വച്ചാണ് പ്രതിയെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്.

ഫെബ്രുവരി ആദ്യവാരത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യബസ്സില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ ബസ്സില്‍ കയറിയ ഒരാള്‍ പെണ്‍കുട്ടിക്ക് സമീപത്ത് ഇരിക്കുകയും ശല്യം ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. ഇതിനിടയില്‍ ശല്യം ചെയ്ത ആള്‍ ബസ്സില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടി വിവരം അധ്യാപികമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബേഡകം പൊലീസിനെ അറിയിച്ചു. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷം പോക്‌സോപ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.പിന്നീട് കേസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിനു കൈമാറി. പ്രതിക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞദിവസം പ്രതിയെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി നാടകീയമായി കണ്ടുമുട്ടിയതും പൊലീസിനെ വിവരമറിയിച്ചതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page