നാരായണന്‍ പേരിയ
ശിവ ശിലാ തലേ ശേതേ
ശേഷേ ശേതേ ജനാര്‍ദ്ദന
ശേതേ ഭാനു രാകാശേ
നിത്യം മക്കുണ ശങ്കയാ
(ശിവന്‍ ശിലാതലത്തില്‍ ശയിക്കുന്നു; ആദിശേഷന്‍ എന്ന സര്‍പ്പത്തിന്റെ മുകളില്‍ ജനാര്‍ദ്ദനന്‍ (മഹാവിഷ്ണു) ശയിക്കുന്നു; സൂര്യന്‍ ആകാശത്തില്‍ ശയിക്കുന്നു. എല്ലാം മക്കുണങ്ങളുടെ ശല്യം കാരണം) മഞ്ഞുമൂടിയ മലയുടെ മുകളിലും, കടലില്‍ കിടക്കുന്ന ആദിശേഷന്‍ എന്ന പാമ്പിന്റെ മുകളിലും, ആകാശത്തിലും കിടക്കുകയാണെങ്കില്‍ മൂട്ട കടിക്കും എന്ന സംശയം വേണ്ടല്ലോ. സരസനായൊരു കവിയുടെ രചന. സ്വാനുഭവത്തില്‍ നിന്നുദിച്ച ചിന്തയായിരിക്കണം രചനയ്ക്ക് പ്രേരണയായത്.
ഇക്കാലത്തെ ആത്മീയ നേതാക്കളും- മഠാധിപതികളും, തങ്ങള്‍മാരും, കര്‍ദ്ദിനാള്‍മാരും സ്വാര്‍ത്ഥതയും ലാഭ മോഹവും അശേഷമില്ലെങ്കില്‍, പണ്ട് പരമശിവനും മഹാവിഷ്ണുവും സൂര്യനും ചെയ്തതു പോലെ അപ്രാപ്യമായ സങ്കേതങ്ങള്‍ തേടിയേക്കും, തിരഞ്ഞെടുപ്പു കാലമടുക്കുമ്പോള്‍. സ്ഥാനാര്‍ത്ഥികള്‍ -സ്ഥാനാര്‍ത്തികള്‍ എന്നായിരിക്കും ഉചിതമായ പേര്- അനുഗ്രഹം തേടി സമീപിക്കുക എന്ന ശല്യം ഒഴിവാക്കാന്‍. നോമിനേഷന്‍ സമര്‍പ്പിക്കും മുമ്പേ അനുയായികളെയും കൂട്ടി പോകുന്നത് ആത്മീയ നേതാക്കളുടെ ആസ്ഥാനങ്ങളിലേയ്ക്കായിരിക്കും. ഏത് മതം, സമുദായം, എന്ന തരം തിരിവൊന്നുമില്ല ഇക്കാര്യത്തില്‍. സമ്മതിദായകര്‍ -അതായത്, വോട്ടര്‍മാര്‍ -ആണ് തങ്ങള്‍ക്ക് സമ്മതനായ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്ത് ജയിപ്പിക്കുക. എവിടെയോ ഇരിക്കുന്ന ആത്മീയാചാര്യന്മാരല്ല. അവരുടെ അഭിപ്രായം ചോദിച്ചിട്ടല്ല ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക. ആചാര്യ സ്ഥാനീയരുടെ അനുഗ്രഹം കൊണ്ട് ആരുടെയും കൈവിരല്‍ ചലിക്കുകയില്ല. ഈ സത്യം അറിയാത്തവരാണ് സ്ഥാനാര്‍ത്ഥികള്‍. അവരുടെ ചില ചെയ്തികള്‍ കാണുമ്പോള്‍ തോന്നുന്നു. കഴിഞ്ഞ ദിവസം കാണാനിടയായ ചില പത്ര വാര്‍ത്തകളിലേയ്ക്ക്.
അനുഗ്രഹം തേടി സ്ഥാനാര്‍ത്ഥികള്‍ കുമ്പോലിലേയ്ക്ക്.(കുമ്പോല്‍ തങ്ങളുടെ ആസ്ഥാനം കുമ്പോല്‍ പള്ളി) കുമ്പോല്‍ തങ്ങള്‍ എന്ന ഇസ്ലാം മതാചാര്യരെ കാണാന്‍ പോകാറുണ്ടത്രേ കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികള്‍ കക്ഷിഭേദമില്ലാതെ. സ്ഥാനാര്‍ത്ഥികളുടെ പതിവാണത് എന്ന് ലേഖകന്‍. മഞ്ചേശ്വരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ്, കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി (യു ഡി എഫ്) കല്ലട്ര മാഹിന്‍ ഹാജി, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍, ഉദുമയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു എന്നിവര്‍ കുമ്പോലിലെത്തി. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് അലി തങ്ങള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. അവരില്‍ നിന്നും പത്രിക സ്വീകരിച്ചാണ് വരണാധികാരിയുടെ ഓഫീസിലേയ്ക്ക് പോയത്. സ്ഥാനാര്‍ത്ഥികള്‍ തയ്യാറാക്കി ഒപ്പിട്ട നാമ നിര്‍ദ്ദേശ പത്രിക വരണാധികാരിയുടെ കൈയിലേല്‍പ്പിച്ചു. അതുകൊണ്ടായില്ലല്ലോ. എല്ലാം ക്രമപ്രകാരം. യാതൊരു പിശകും ഇല്ല എന്ന് വരാണാധികാരി പരിശോധിച്ച് അംഗീകരിക്കണം. അല്ലാത്തപക്ഷം നിരസിക്കപ്പെടും. കുമ്പോല്‍ തങ്ങളുടെ കരസ്പര്‍ശം ഏറ്റതാണ് എന്ന് പറഞ്ഞാലൊന്നും കാര്യമില്ല. അതൊന്നും പ്രസക്തമേ അല്ല, ഇലക്ഷന്‍ നടപടിച്ചട്ടത്തില്‍.
സി എച്ച് കുഞ്ഞമ്പുവും ഷാനവാസ് പാദൂരും ഇന്നലെ (വാര്‍ത്തവന്നതിന്റെ തലേന്ന്) കുമ്പോല്‍ തങ്ങളെ സന്ദര്‍ശിച്ചിരുന്നു. കെട്ടി വയ്ക്കാനുള്ള തുകയിലേയ്ക്ക് ഒരു വിഹിതം കുമ്പോല്‍ തങ്ങള്‍ നല്‍കിപോലും, ആര്‍ക്ക്? കാണാന്‍ ചെന്നവര്‍ക്കെല്ലാം നല്‍കിയോ? ആ പണം സര്‍ക്കാര്‍ വക ട്രഷറിയില്‍ നിക്ഷേപിക്കപ്പെടും. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എല്ലാം മുറപോലെ നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ തുക തിരികെ നല്‍കും. എല്ലാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെന്നത് പോലെത്തന്നെ ഇവരുടേതും. ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് കുഞ്ഞമ്പു. തന്റെ മണ്ഡലത്തിലല്ല കുമ്പോല്‍. എന്നിട്ടും അങ്ങോട്ട് പോയി തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങാന്‍. ആര്‍ക്ക് ഫലവത്താകും തങ്ങളുടെ അനുഗ്രഹം?
കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ ശീലം മാത്രമല്ല തങ്ങള്‍മാരെ കണ്ട് അനുഗ്രഹം വാങ്ങല്‍. കര്‍ണ്ണാടകത്തിലെ തിരഞ്ഞെടുപ്പ് സമയത്തും സ്ഥാനാര്‍ത്ഥികള്‍ ഇവിടെ എത്തിയിരുന്നു. കര്‍ണ്ണാടകത്തിലെ ഉപ മുഖ്യമന്ത്രി സി കെ ശിവകുമാറും സ്പീക്കര്‍ യു ടി ഖാദറും അടക്കമുള്ളവര്‍ നിരവധി തവണ തങ്ങളുടെ അനുഗ്രഹം വാങ്ങിയിട്ടുണ്ടത്രേ. തങ്ങളുടെ അനുഗ്രഹത്തിന്റെ ദിവ്യ ശക്തി കാരണമായിട്ടായിരിക്കണം ശിവകുമാറും മറ്റും ജയിച്ചതും പദവിയിലെത്തിയതും. എന്നിട്ടും കര്‍ണ്ണാടകത്തില്‍ അധികാരത്തര്‍ക്കം ഒഴിയുന്നേയില്ലല്ലോ. അതിനായി മാന്ത്രിക ഏലസ്സ് തേടിയാലോ? അതും സിദ്ധിദായകം അല്ലേ?
എ കെ എം അഷ്‌റഫ് നിരവധി ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. തലപ്പാടി ക്രിസ്ത്യന്‍ പള്ളി, ഹൊസങ്കടി വ്യാകുലമാതാ ദേവാലയം, മഞ്ചേശ്വരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് എന്നിവിടങ്ങളില്‍ പോയി അനുഗ്രഹം വാങ്ങി. മുസ്ലീം, ഹിന്ദു സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടില്ല. എല്ലാ ദൈവങ്ങളും കനിവ് കാണിക്കട്ടെ. പ്രാര്‍ത്ഥിച്ചു. വോട്ടര്‍മാരെ പ്രേരിപ്പിക്കട്ടെ, തന്റെ തിരഞ്ഞെടുപ്പളയാളത്തില്‍ത്തന്നെ വിരല്‍തൊടാന്‍.
എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തന്റെ മണ്ഡലത്തിലെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ഇലക്ഷന്‍ പ്രചരണം തുടങ്ങിയത്. അടുക്ക ശ്രീ ഭഗവതി ക്ഷേത്രം, കാമന ബേലിലെ രക്തേശ്വരി നാഗപരിവാര ദേവസ്ഥാനം- എല്ലായിടത്തും പോയി, അനുഗ്രഹം വാങ്ങി.
യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്‍ കല്യോട്ട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികളെ ചെന്നു വണങ്ങി. സ്വാമികള്‍ അനുഗ്രഹിച്ചു. വിജയിനീ ഭവ ഏവരെയും ആശിര്‍വദിച്ചത് വിജയീഭവ വനിതയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയിനീ ഭവ.
അന്യോന്യം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഒരു ആരാധനാലയത്തിലെത്തി പ്രാര്‍ത്ഥന നടത്തുന്നു -എന്നെ ജയിപ്പിക്കണമേ എന്ന്. ആരോട് കനിയും? ആരെ ജയിപ്പിക്കും? സമ്മതിദാനം- വോട്ട്- പങ്കിട്ടു കൊടുക്കാന്‍ കഴിയുമോ, ആരോടും പക്ഷപാതം, പക്ഷഭേദം വേണ്ടാ എന്ന് വെച്ച്. ഫലപ്രഖ്യാപനത്തിനു ശേഷം വിജയശ്രീലാളിതനായ സ്ഥാനാര്‍ത്ഥിക്ക് അവകാശപ്പെടാം തന്നെ ജയിപ്പിച്ചത് തന്നെ അനുഗ്രഹിച്ച ആരാധനാലയത്തിന്റെ ശക്തി പ്രഭാവം എന്ന്. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയോ? താന്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. അനുഗ്രഹം നേടി. എന്നിട്ടും തോറ്റു. തന്നെ ചതിച്ചു. വിശ്വാസ വഞ്ചന കാട്ടി എന്ന് കുറ്റപ്പെടുത്തുമോ?
പൊല്ലാപ്പ് വേണ്ടാ എന്ന ചിന്തയോടെ ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ശ്ലോകത്തില്‍ സൂചിപ്പിച്ചതു പോലെ ദൈവങ്ങളും ദൈവീകശക്തിയുള്ളവരും അപ്രാപ്യമായ ദുര്‍ഗ്ഗമ സങ്കേതങ്ങളിലേയ്ക്ക് മാറുമോ? തിരഞ്ഞെടുപ്പ് കാലത്തെ താല്‍ക്കാലിക രക്ഷ?







