ന്യൂഡല്‍ഹി: കുടുംബവഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. സൗത്ത് ഡല്‍ഹിയിലെ പുല്‍ പ്രഹ്‌ളാദപൂര്‍ മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
പൂനം എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ദമ്പതികള്‍ക്ക് രണ്ടുമക്കളാണുള്ളത്. ഒരാള്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. 18 മാസം പ്രായമുള്ള ഇളയ മകന്‍ ദമ്പതികള്‍ക്കൊപ്പമായിരുന്നു. കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി കുട്ടിയുമായി മൃതദേഹത്തിന് സമീപമായിരുന്നു.
ഒരു മാസം മുമ്പാണ് ദമ്പതികള്‍ ഡല്‍ഹിയിലെ ഡിഡിഎ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകുമായിരുന്നു. സുരേഷിന് പൂനത്തിനെ സംശയമായിരുന്നു. ഇതാണ് വഴക്കിന് കാരണമെന്ന് അയല്‍ക്കാര്‍ പറയുന്നു.
ഫ്‌ളാറ്റില്‍ നിന്ന് യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ സ്ഥലത്തെത്തിയത്. അകത്തു നിന്ന് പൂട്ടിയിരുന്നതിനാല്‍ വീട്ടുടമസ്ഥന്റെ സഹായത്തോടെ വാതില്‍ ബലമായി തുറക്കുകയായിരുന്നു. അകത്ത് കടന്ന പൊലീസ് തറയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന പൂനത്തിന്റെ മൃതദേഹമാണ് കണ്ടത്. സമീപത്ത് ഒരു വടിയും ഉണ്ടായിരുന്നു. സുരേഷ് കുഞ്ഞിനെ മടിയില്‍ പിടിച്ച് സമീപത്ത് ഇരിക്കുകയായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.







