കാസർകോട്:എൽപിജി ക്ഷാമം കേരളത്തിലെ ഹോട്ടൽ മേഖലയെ രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കേ, വിറകു വില കുതിക്കുന്നു. വിറകിന്റെ ലഭ്യതയും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ നിരവധി റെസ്റ്റോറന്റുകൾ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു. ഇപ്പോൾ എൽപിജി ലഭ്യത നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഹോട്ടലുകളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്തതിനാൽ ഹോട്ടൽ ഉടമകൾ വിറകടുപ്പുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. ഇതു വിറകു വില കുതിച്ചുയരാൻ ഇടയാക്കിയിരിക്കുകയാണ്.പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ക്വിന്റലിന് 2,600 രൂപയായിരുന്ന സാധാരണ വിറകിന്റെ വില ഇന്ന് 3,500 രൂപ വരെ എത്തിനിൽക്കുന്നു. ചൂടുകൂടുതൽ ഉൽപ്പാദിപ്പിക്കുന്ന പുളിവിറകിന് 4,000 രൂപ വരെ നൽകേണ്ടി വരുന്നു. മുൻപ് 3,500 രൂപയ്ക്ക് ലഭിച്ചിരുന്ന പൊളിച്ച വിറകിന് ഇപ്പോൾ 4,500 മുതൽ 5,000 രൂപ വരെ ചിലവഴിക്കേണ്ടതായി വന്നിരിക്കുന്നു. വർധിച്ച ഡിമാൻഡിന്റെ ഫലമായി വിറക് പൊളിക്കുന്നതിന്റെ തൊഴിൽക്കൂലിയും ഗണ്യമായ തോതിൽ ഉയർന്നിട്ടുണ്ട്.ഇതോടൊപ്പം ഇപ്പോൾ പ്രവർത്തിക്കുന്ന ഹോട്ടലുകൾ ഭക്ഷ്യസാധനങ്ങളുടെ വിലയും വർധിപ്പിക്കുന്നുണ്ട്.ഇൻഡക്ഷൻ കുക്ക്ടോപ്പുകളിലേക്ക് മാറുന്നത് ഹോട്ടൽ ഉടമകൾക്ക് ലാഭകരമല്ലെന്ന് വ്യക്തമായിട്ടുണ്ട്. വ്യാവസായിക വൈദ്യുതി കണക്ഷന് ഉയർന്ന താരിഫ് ആയതിനാൽ ഇൻഡക്ഷൻ ഉപയോഗം വൈദ്യുതി ബിൽ ഭാരിച്ചതാക്കുമെന്നുആശകയുണ്ട്. ഇത് നേരിടാൻ ഭക്ഷണ വില ഉയർത്തിയ സ്ഥാപനങ്ങൾക്ക് ഉപഭോക്തൃ നഷ്ടം സഹിക്കേണ്ടി വരുകയും ചെയ്യുന്നു.







