ലക്‌നൗ: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 28 കാരനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 കാരി ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തി. മക്കളുടെയും കുടുംബാംഗങ്ങളുടെയും വൈകാരിക പ്രകടനത്തില്‍ മനംനൊന്താണ് യുവതി ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയത് എന്ന് പറയുന്നു. ലക്‌നൗവിലെ ക്യാംപിയര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പത്ത് ദിവസം മുമ്പാണ് ഭര്‍ത്താവിനെയും പറക്കമറ്റാത്ത നാലുമക്കളെയും ഉപേക്ഷിച്ച് ഇവര്‍ മണിറാം സ്വദേശിയായ കാമുകനൊപ്പം പോയത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയും പിരിയാന്‍ കഴിയാത്തവിധം അടുക്കുകയും ചെയ്തതോടെയാണ് ഇരുവരും ഒളിച്ചോടിയത്.
യുവതിയെ കാണാതായതോടെ കുടുംബം നടത്തിയ തിരച്ചിലില്‍ കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും പിപിഗഞ്ച് മേഖലയില്‍ വാടകയ്ക്ക് താമസിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവും കുട്ടികളും മറ്റ് ബന്ധുക്കളും അവിടെയെത്തി യുവതിയോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞ് യുവതി കുടുംബത്തെതിരിച്ചയച്ചു.
തുടര്‍ന്ന് കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവില്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം പോകാന്‍ യുവതി തീരുമാനിക്കുകയുമായിരുന്നു. മക്കളുടെ കരച്ചിലും കുടുംബാംഗങ്ങളുടെ നിര്‍ബന്ധവുമാണ് കുടുംബത്തിനൊപ്പം പോകാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.







