കാസര്‍കോട്: യന്ത്ര തകരാറിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയ ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിനു ഗുരുതര പരിക്ക്. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാസര്‍കോട് -കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ പള്ളിക്കരയിലാണ് അപകടം. മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. പള്ളിക്കരയില്‍ എത്തിയപ്പോള്‍ യന്ത്ര തകരാര്‍ ഉണ്ടായി ലോറി നടുറോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനു ശ്രമം നടത്തുന്നതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ പിന്നിലിടിച്ച സ്‌കൂട്ടറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. സാരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ പത്തുമിനിറ്റു കഴിഞ്ഞാണ് അതുവഴി എത്തിയ ഒരു വാഹനത്തില്‍ കയറ്റി ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയില്‍ പൊലീസും സ്ഥലത്തെത്തി. പരിക്ക് ഗുരുതരമായതിനാല്‍ യുവാവിനെ പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ ആര്‍ സി ഓണര്‍ ഒരു വനിതയാണെന്നു കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവാകാനിരിക്കുന്നതേയുള്ളൂ.






