കൊല്ലം: ചത്ത കന്നുകാലിയെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടി. തെങ്കാശി സ്വദേശികളായ ജ്യോതിരാജ് (27), മുത്തുകുമാര്‍ (32), പ്രകാശ് (32) എന്നിവരാണ് തെന്മല പൊലീസിന്റെ പിടിയിലായത്. പത്തേക്കര്‍-ഡാം പാതയോരത്ത്, ലോറിയില്‍ കൊണ്ടുവന്ന അറവുമാടിനെ ഉപേക്ഷിക്കുന്നത് ബൈക്കിലെത്തിയവര്‍ കാണുകയും സ്ഥലവാസികളെ വിവരം അറിയിക്കുകയുമായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതര്‍ തെന്മല പൊലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോറിയും ജീവനക്കാരും പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് തിരുവനന്തപുരം വഴി അറവുമാടുകളെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ അതില്‍ ഒരെണ്ണം ചത്തുപോയെന്നും അതിനെയാണ് ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നും ലോറി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ഇവര്‍ക്കെതിരെ പിഴ ചുമത്തി.







