ന്യൂഡല്‍ഹി: വന്ദേ ഭാരതില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഐ.ആര്‍ടി.സിക്കും വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണ വിതരണ കമ്പനിക്കുമെതിരെ ഇന്ത്യന്‍ റെയില്‍വേ നടപടി ആരംഭിച്ചു. ഐആര്‍സിടിസിക്ക് 10 ലക്ഷം രൂപയും ഭക്ഷണ വിതരണ കമ്പനിക്ക് 50 ലക്ഷം രൂപയും റെയില്‍വെ പിഴ ചുമത്തി. വില്‍പനക്കാരന്റെ കരാര്‍ അവസാനിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമാണ് മുന്‍തൂക്കമെന്നാണ് ഇതുസംബന്ധിച്ച് റെയില്‍വെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞ് ജീവനക്കാരന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ഇടപെട്ടത്. പട്‌നയില്‍ നിന്നുള്ള റിതേഷ് കുമാര്‍ സിംഗ് ആണ് വീഡിയോ പുറത്തുവിട്ടത്.
പുഴുവിനെ കണ്ട യാത്രക്കാരന്‍ അറ്റന്‍ഡന്ററെ ആണ് അക്കാര്യം ആദ്യം അറിയിച്ചത്. ഒരു കപ്പ് തൈര് അറ്റന്‍ഡര്‍ക്ക് നല്‍കി, ‘നിങ്ങള്‍ക്ക് അവിടെ എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോ’ എന്ന് യാത്രക്കാരന്‍ ചോദിച്ചു. എന്നാല്‍ അസാധാരണമായ ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ അയാള്‍ ഭക്ഷണത്തില്‍ പുഴു അല്ലെന്നും കുങ്കുമപ്പൂവ് ആണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതോടെ യാത്രക്കാരന്‍ തന്റെ ഭക്ഷണത്തിന്റെ ട്രേ ഉയര്‍ത്തിപ്പിടിച്ച് അതില്‍ പുഴുക്കള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി. പരിശോധനയില്‍ തൈര് പാക്കറ്റ് കാലാവധി കഴിഞ്ഞതാണെന്ന് വ്യക്തമാവുകയായിരുന്നു. ബാക്കി ഭക്ഷണത്തിലും പുഴുക്കള്‍ പടര്‍ന്നത് യാത്രക്കാരന്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. അത് കഴിച്ചാല്‍ ആരോഗ്യത്തിന് എന്ത് സംഭവിക്കുമെന്ന് ചോദിച്ച യാത്രക്കാരന്‍, കംപ്ലയിന്റ് ബുക്കില്‍ വിവരം രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം സംഭവം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.







