‘ഓറഞ്ച് മുടിയുള്ള മണ്ടന്‍’ കാരണം ഗ്യാസ് വിലയും ഭക്ഷണ ബില്ലും കൂടി; ട്രംപിനെ പരിഹസിച്ച് ഹോട്ടലില്‍ പതിപ്പിച്ച നോട്ടീസ് വൈറല്‍

ചെന്നൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം രാജ്യത്ത് കടുത്ത ഗ്യാസ് ക്ഷാമം നേരിടുന്നതിനാല്‍ പല ഹോട്ടലുകളും അടച്ചിടുകയാണ്. ഇതോടെ ജീവനക്കാര്‍ക്ക് പണിയില്ലാതാകുകയും മറ്റ് ജോലികള്‍ തേടിപ്പോകേണ്ട അവസ്ഥയും വന്നു. പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ഭക്ഷണത്തിന് വിലയും വര്‍ധിച്ചു. ഭക്ഷണവില കൂട്ടിയത് കാട്ടി ചെന്നൈയിലെ ഒരു ഹോട്ടലിന് മുന്നില്‍ പതിച്ച നോട്ടീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സായാലി മഹാഷൂര്‍ എന്ന യുവതിയാണ് ഈ നോട്ടീസ് എക്‌സില്‍ പങ്കുവച്ചത്. വിലക്കയറ്റം ചെറുകിട ബിസിനസ്സുകാരെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണിതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

‘ഓറഞ്ച് നിറത്തിലുള്ള മുടിയുള്ള ഒരു മണ്ടന്‍ തുടങ്ങിയ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി എല്‍പിജി, പ്ലാസ്റ്റിക് എന്നിവയ്ക്കും വില കൂടി. അതിനാല്‍ മാര്‍ച്ച് 21 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ദയവായി സഹകരിക്കുക, അല്ലെങ്കില്‍ ആ യുദ്ധം നിര്‍ത്താന്‍ സഹായിക്കുക’- നോട്ടീസ് അഭ്യര്‍ത്ഥിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ദേശിച്ചാണ് പരാമര്‍ശമെന്ന് വ്യക്തമാണ്. ആഗോള സംഭവങ്ങള്‍ സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നുവെന്ന് രസകരമായി അവതരിപ്പിച്ച ഹോട്ടലുടമയെ പലരും പ്രശംസിച്ചു.

‘കാര്യങ്ങള്‍ ഇത്ര സത്യസന്ധമായും സര്‍ഗ്ഗാത്മകമായും അവതരിപ്പിച്ച ഹോട്ടലുടമയ്ക്ക് കൈയടി’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഇന്ത്യയില്‍ മാത്രമേ രാഷ്ട്രീയവും തമാശയും ഇത്ര കൃത്യമായി കലര്‍ത്തി നോട്ടീസ് അടിക്കാന്‍ കഴിയൂ’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page