വേനല്‍ച്ചൂടില്‍ കുടിവെള്ളത്തിനു വിഷമിക്കുന്ന പക്ഷികള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി ദേശീയവേദി

മൊഗ്രാല്‍: വേനല്‍ച്ചൂടില്‍ നാവുണങ്ങുന്ന മിണ്ടാപ്രാണികള്‍ക്കു മൊഗ്രാല്‍ ദേശീയവേദി കുടിനീരൊരുക്കി ജീവസ്‌നേഹത്തിനു മാതൃക പകരുന്നു. ദേശീയവേദിയുടെ 21 നിര്‍വ്വാഹകസമിതി അംഗങ്ങളാണ് സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ച് അവരുടെ വീട്ടു പരിസരങ്ങളില്‍ തണ്ണീര്‍ക്കുടം ഒരുക്കിയത്. വേനല്‍ അതി കഠിനമാവുകയാണെങ്കില്‍ എല്ലാ അംഗങ്ങളും തങ്ങളുടെ വീട്ടു പരിസരങ്ങളില്‍ തണ്ണീര്‍ക്കുടം ഒരുക്കി പറവകള്‍ക്കു കുടിവെള്ളം ഉറപ്പാക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചൂടിന്റെ കാഠിന്യവും കുടിവെള്ള ക്ഷാമവും മൂലം കഴിഞ്ഞവര്‍ഷം കുമ്പള പഞ്ചായത്തില്‍ നിരവധി കുരുവികളും കാക്കകളും ചത്തിരുന്നു. ഇക്കൊല്ലം അത്തരമൊരു ദുരനുഭവം കാണാന്‍ ഇടയാവാതിരിക്കാനാണ് ദേശീയവേദി ജീവ സ്‌നേഹം പ്രകടിപ്പിക്കുന്നത്.
തണ്ണീര്‍ക്കുടം പരിപാടി വേദി ജോ. സെക്രട്ടറി അഷ്‌റഫിന്റെ വീട്ടു പറമ്പില്‍ പ്രസിഡന്റ് സിദ്ദീഖ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദ് കുഞ്ഞി, ബി എ മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് കുഞ്ഞി, എച്ച് എ കരീം എന്നിവരുടെ വീട്ടു മുറ്റത്തും നീര്‍ക്കുടം സ്ഥാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page