മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ചതിന് വരനെ കെട്ടിയിടുകയും നഗ്‌നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യാപിതാവടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. നാസിക് ജില്ലയിലെ ഭുസാവലില്‍ നടന്ന സംഭവത്തില്‍ 25 കാരനായ ഹെറാംബ് ചൗദ് ആണ് ആക്രമണത്തിനിരയായത്. ഹെരാംബ് ചൗധിന്റെ ഭാര്യാ പിതാവായ കോമള്‍ പാട്ടീല്‍, ബന്ധുക്കളായ ഹെരാംബ് ചൗധരി, സഞ്ജയ് ബാധെ, വിജയ് പാട്ടീല്‍, ജ്ഞാനേശ്വര്‍ ഭോയ് എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
എതിര്‍പ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് യുവാവിനോടുള്ള ക്രൂരതയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യാപിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 15 അംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും ഇക്കഴിഞ്ഞ മാര്‍ച്ച് 18 നാണു വിവാഹിതരായത്. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് ഭുസാവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവാഹത്തിനുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായ ദമ്പതികള്‍ തങ്ങള്‍ വിവാഹിതരായ വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവാഹിതരായ വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. ദമ്പതികള്‍ ഒരേ സമുദായത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.







