എഐ അടക്കം ഉപയോഗിച്ച് വ്യാജ വീഡിയോ; പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ മോഹന്‍ലാലിനോട് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: സൈബര്‍ ഇടങ്ങളിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച വിഷയത്തില്‍ നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഡെല്‍ഹി ഹൈക്കോടതി. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലിങ്കുകള്‍ നിര്‍മ്മിച്ച് എല്ലാവരെയും കക്ഷിയാക്കാനും വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാനുമാണ് കോടതിയുടെ നിര്‍ദ്ദേശം. പുതിയ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

എഐ അടക്കം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഗുരുതരസാഹചര്യമാണെന്നുമാണ് താരത്തിന്റെ പരാതി. ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി ജ്യോതിസിംഗാണ് ഹര്‍ജി പരിഗണിച്ചത്.

അഞ്ചു തരത്തില്‍ തന്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനില്‍ നടക്കുന്നു എന്നാണ് പ്രധാനമായും മോഹന്‍ലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. തന്റെ ശബ്ദമടക്കം ക്ലോണ്‍ ചെയ്യാന്‍ പഠിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളുണ്ടെന്നാണ് മോഹന്‍ലാലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് ഗുരുതര സാഹചര്യമാണ്. ഇത്തരത്തില്‍ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാല്‍ നാളെ ആര് ഉത്തരവാദിയാകും? താന്‍ തന്നെ ഉത്തരവാദിയാകില്ലേ എന്നാണ് ലാല്‍ ചോദിക്കുന്നത്. ബോഡി ഷെയിമിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയിലും ഗൂഗിളിലും നിരവധി ലിങ്കുകള്‍ ഉണ്ടെന്ന കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇവ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കേസില്‍ മോഹന്‍ലാലിനായി അഭിഭാഷകരായ എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരന്‍, സ്മിത ദാമോദരന്‍ നായര്‍ എന്നിവര്‍ ഹാജരായി. ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് താരങ്ങള്‍ നല്‍കിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page