മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ നാവു വൃത്തിയാക്കാന്‍ പ്രത്യേക ഹരിതകര്‍മ്മ സേന രൂപീകരിക്കണം: വിഡി സതീശന്‍

കൊച്ചി: നാടു വൃത്തിയാക്കുന്ന ഹരിതകര്‍മ്മസേനയെപ്പോലെ മുഖ്യമന്ത്രിയുടെയും സിപിഎം കേന്ദ്രനേതാക്കന്മാരുടെയും നാവു വൃത്തിയാക്കാന്‍ മറ്റൊരു ഹരിതകര്‍മ്മ സേനയെക്കൂടി ഏര്‍പ്പെടുത്തേണ്ട അവസ്ഥ അത്തരക്കാര്‍ ഉണ്ടാക്കി വെക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരിഹസിച്ചു.
കൊച്ചിയില്‍ വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാക്കെടുത്താല്‍ അസഭ്യവും കളളവും സംസ്‌കാര ശൂന്യമായ വാക്കുകളുമേ പുറത്തുവരൂ എന്ന അവസ്ഥയില്‍ സിപിഎം നേതാക്കള്‍ എത്തിയിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളെ ഒരു ദേശീയ നേതാവ് കോമാളി എന്നു വിശേഷിപ്പിക്കുന്നു. പോളിറ്റ് ബ്യൂറോയിലെ മറ്റൊരു നേതാവ് ഇത്തരം വാക്കുകളിലും പ്രവൃത്തികളിലും പ്രതിഷേധിക്കുന്നവരെ ചെറ്റയെന്നു വിളിക്കുന്നു. നാടു നീളെ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവു സംരക്ഷിക്കുന്നുവെന്നു പറയുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയിലൊന്നു നോക്കണമെന്നു സതീശന്‍ ഉപദേശിച്ചു. അപ്പോള്‍ കൊല്ലം എംഎല്‍എയായ സിപിഎം നേതാവ് അതില്‍ തെളിഞ്ഞു വരുന്നതു കാണാം. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ മറ്റൊരു സിപിഎം നേതാവും എംഎല്‍എയുമായിരുന്ന ടിപി കുഞ്ഞിമുഹമ്മദിന്റെ മുഖവും തെളിഞ്ഞുവരും.
ഇത്തരം ആരോപണം കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ഉയര്‍ന്നപ്പോള്‍ വേദനയോടെയാണെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ച നടപടി നാട്ടുകാര്‍ക്കൊക്കെ അറിയാമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഎം വിട്ടു കോണ്‍ഗ്രസിനൊപ്പം വരുന്നവരെ കോണ്‍ഗ്രസ് പിന്തുണക്കും. സംരക്ഷിക്കും. അതില്‍ കൈകാലടിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page