കോയമ്പത്തൂര്‍: ആശുപത്രിയില്‍ ഭാര്യയെ പരിചരിക്കാനെത്തിയ ആള്‍ കുഴഞ്ഞുവീണു.
മധുക്കര അര്‍ജുന്‍ കോളനിയിലെ കാളിമുത്തുകുട്ടി (53) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു കാളിമുത്തു. മാര്‍ച്ച് 13നാണ് കാളിമുത്തുവിന്റെ ഭാര്യയെ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കൊപ്പം കാളിമുത്തുവും മകള്‍ സംഗീതയും ഉണ്ടായിരുന്നു. അസുഖബാധിതനാണെങ്കിലും മകളെ അമ്മയ്‌ക്കൊപ്പം തനിച്ചുവിടാനുള്ള മടി കാരണമാണ് കാളിമുത്തുവും കൂട്ടിനായി പോയത്. മാര്‍ച്ച് 18ന് ആശുപത്രി വളപ്പിലൂടെ നടക്കുന്നതിനിടെ കുഴഞ്ഞുവീണ കാളിമുത്തുവിനെ പരിസരത്തുള്ളവര്‍ എമര്‍ജന്‍സി വാര്‍ഡിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം മകളോ ഭാര്യയോ അറിഞ്ഞിരുന്നില്ല. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാളിമുത്തു മരിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് മകള്‍ പലരോടും അന്വേഷിച്ചു. നാട്ടിലുള്ള ബന്ധുക്കളോട് പിതാവിനെ കാണാനില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെ പൊലീസ് മോര്‍ച്ചറിയില്‍ കിടക്കുന്ന കാളിമുത്തുവിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിലെ വാര്‍ഡുകളിലെത്തി കാണാതായവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പിതാവിനെ കാണാനില്ലെന്ന വിവരം സംഗീത പറയുന്നത്.
തുടര്‍ന്ന് സംഗീതയുമായി പൊലീസ് മോര്‍ച്ചറിയിലെത്തി. കാളിമുത്തുവിനെ തിരിച്ചറിഞ്ഞതോടെ സംഗീത കുഴഞ്ഞുവീണു. അമ്മയ്ക്കു കൂട്ടിരിക്കാനായി എത്തിയ അച്ഛന്റെ അപ്രതീക്ഷിത വേര്‍പാട് അവള്‍ക്ക് താങ്ങാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. കാളിമുത്തുവിന്റെ ഭാര്യ ആശുപത്രിയില്‍ തുടരുകയാണ്.







