സുള്ള്യ: യുവാവിനെ ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍, ശാന്തിഗുഡ്ഡ സ്വദേശിയായ തിലക് രാജ് (28)ആണ് സുള്ള്യയിലെ ഒരു ഹോംസ്‌റ്റേയില്‍ ജീവനൊടുക്കിയത്. തന്റെ ഷര്‍ട്ടും ട്രൗസറും ഉപയോഗിച്ചാണ് തൂങ്ങിയത്. ഇന്റീരിയര്‍ ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്നു തിലക് രാജ്. സുള്ള്യയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം വീട്ടില്‍ നിന്നു ഇറങ്ങിയത്. സുള്ള്യയിലെത്തി അറന്തോടിലെ ഒരു ഹോംസ്‌റ്റേയില്‍ മുറിയെടുത്തു. റസ്‌റ്റോറന്റില്‍ നിന്ന് ചായ കുടിച്ച ശേഷം മുറിയിലേയ്ക്ക് തിരികെ പോയ തിലക് രാജ് അടുത്ത സുഹൃത്തിനു നിരവധി ശബ്ദ സന്ദേശങ്ങള്‍ അയച്ചതായി പറയുന്നു. ‘ദൂരെ പോവുകയാണെ’ന്നാണ് അവസാന സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇന്ന് (ഞായറാഴ്ച) രാവിലെയാണ് തിലക് രാജ് അയച്ച സന്ദേശങ്ങള്‍ സുഹൃത്ത് നോക്കിയത്. ഉടന്‍ തന്നെ ഹോംസ്‌റ്റേ അധികൃതരെ ബന്ധപ്പെട്ടു. സുള്ള്യ എസ് ഐ സന്തോഷും സംഘവും ഹോംസ്‌റ്റേയില്‍ എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. പൊലീസ് കേസെടുത്തു. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നു സംശയിക്കുന്നു.







