മൊഗ്രാൽ : ജില്ലാസ്കൂൾ കലോത്സവം ഒന്നിനും കുറവില്ലാതെ കെങ്കേമമായി നടത്തിയതിന്റെ അഭിനന്ദന പ്രവാഹം തുടർന്ന് കൊണ്ടിരിക്കെ അതുമൂലം ഉണ്ടായ കടം തീർക്കാൻ മാർഗമില്ലാതെ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പിടിഎയും കലോത്സവ സംഘാടകസമിതിയും പരക്കം പായുന്നു.
സർക്കാർ ഫണ്ടിൽനിന്ന് 19 ലക്ഷം രൂപ ജില്ലാ കലോത്സവ നടത്തിപ്പിന് ലഭിച്ചി രുന്നതായി പറയുന്നു. 40 ലക്ഷത്തിലേറെ രൂപ ചിലവായെന്നും പറയുന്നു.
കിട്ടിയതിന്റെ ബാക്കി തുക മുഴുവനും സംഘാടകസമിതിയും പിടിഎയും എങ്ങനെയാണ് സ്വരൂപിക്കുകയെന്നറിയാതെ സംഘാടകസമിതി അംഗങ്ങളും, പിടിഎയും വട്ടം കറങ്ങുകയാണെന്നും പറയുന്നുണ്ട്.കലോത്സവം ഏറ്റെടുക്കുന്ന സമയത്ത് സ്കൂളിന്റെനിയന്ത്രണമുള്ള ഡിഡിയും,ജില്ലാ പഞ്ചായത്തും, ജനപ്രതിനിധികളും “എല്ലാം ശരിയാക്കാം” എന്ന് തീർത്തു പറഞ്ഞിരുന്നുവെങ്കിലും അതിന്റെ ലക്ഷണമൊന്നും ഇതുവരെ ദൃശ്യമായിട്ടില്ലെന്നു പിടിഎ ഭാരവാഹികൾ പറയുന്നു.
കലോത്സവത്തിന് 5000 ത്തിലേറെ പേർക്ക് ഭക്ഷണം ഒരുക്കിയ വകയിൽ കൺസ്യൂമർഫെഡിന് 3.50,000 രൂപയോളം കൊടുത്തു തീർക്കാനുണ്ട്. ലൈറ്റ്-സ്റ്റേജ്-പന്തൽ ഒരുക്കിയ വകയിൽ 4,50,000 രൂപയും കൊടുക്കാനുണ്ട്. കലോത്സവം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും ഇത് കൊടുക്കാത്തതുമൂലം ഇവർ ദിവസേന സംഘാടകസമിതിയെയും,പിടിഎയും കണ്ട് കണ്ണീരൊഴുക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മറി കടക്കാൻ ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ സഹായിക്കാമെന്നേറ്റ് രംഗത്ത് വന്നിരുന്നു. ഇതിനായി പി ടി എ യും, സംഘാടകസമിതിയും ത്രിതല പഞ്ചായത്ത് ഭരണസമിതികളെ സമീപിച്ചിരുന്നു. സഹായിക്കാൻ സർക്കാർ നിർദ്ദേശവും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് 2025-26വർഷത്തിൽ ത്രിതല പഞ്ചായത്തുകൾ ഫണ്ടും നീക്കി വെച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കൊന്നും പണച്ചെലവില്ലാത്തതുകൊണ്ടു അതെല്ലാം ബന്ധപ്പെട്ടവർ അപ്പപ്പോൾത്തന്നെ ചെയ്തു തീർത്തു. എന്നാൽ ഈ തുക ഇതുവരെ ലഭ്യമായിട്ടില്ലെന്നു സംഘാടകർ ഖേദപൂർവ്വം ഓർക്കുന്നു. മൊഗ്രാലിൽ നടക്കുന്ന ഉത്സവത്തിന് ഒരു കുറവും ഉണ്ടാവരുതെന്നു സഹൃദയരായ നാട്ടുകാരും അന്ന് പറഞ്ഞിരുന്നു,അത് പൈസ ചെലവാക്കുന്നതിനു സംഘാടകർക്ക് വലിയ ഉത്തേജനമായിരുന്നു.
മാർച്ച് 31ന് ഈ സാമ്പത്തിക വർഷം അവസാനിക്കുമെന്നതിനാൽ ത്രിതല പഞ്ചായത്തുകൾ നല്കാൻ തീരുമാനിച്ച തുക നൽകിയിരുന്നെങ്കിൽ അത്രയ്ക്ക് ആശ്വാസമാകുമായിരുന്നെന്നു സംഘാടകർ കരുതുന്നു.അതിനു സഹായിക്കണമെന്നു രാഷ്രീയക്കാരായ ജനപ്രതിനിധികളോട് അഭ്യർത്ഥിക്കുമ്പോൾ അവർ പുഞ്ചിരിച്ചുകൊണ്ട് സംഘാടകർ ഇത്രക്കു വിഡ്ഢികളായിപ്പോയോ എന്ന് തിരിച്ചു ചോദിക്കുന്നുണ്ടെന്നും സംസാരമുണ്ട് .ഞങ്ങൾ രാഷ്രീയക്കാർ എന്തൊക്കെ പറയുന്നു.അതൊക്കെ നടക്കുമെന്ന് കരുതുന്നവരെക്കുറിച്ചു എന്ത് പറയാനാണെന്നു അവർ സഹതപിക്കുന്നു എന്നും സംസാരമുണ്ട്. തുകഎങ്ങനെയെങ്കിലും ,എവിടുന്നെങ്കിലും എത്രയും പെട്ടെന്ന് കിട്ടിയിരുന്നെങ്കിലെന്നു സംഘാടകർ കാത്തിരിക്കുന്നു.
കലോത്സവങ്ങൾ സംഘടിപ്പിക്കുമ്പോൾ സ്കൂളുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നതിനാൽ ഇത്തരം മേളകൾ ഭാവിയിൽ ഡിഡിയും ജില്ലാ പഞ്ചായത്തും നേരിട്ട് ഏറ്റെടുക്കുന്നത് നല്ലതായിരിക്കുമെന്ന അഭിപ്രായവും രൂപപ്പെടുന്നുണ്ട്.






