ചാലക്കുടി: ഓടുന്നതിനിടെ വൈക്കോല്‍ നിറച്ച ലോറിക്ക് തീപിടിച്ചത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഒടുവില്‍ ഡ്രൈവറുടെ മന:സാന്നിധ്യം കാരണം വന്‍ അപകടം ഒഴിവായി. മാള കുഴൂര്‍ കാക്കുളശേരിയില്‍ റോഡിനു കുറുകെ കടന്നുപോയ വൈദ്യുത ലൈനില്‍ ലോറിയിലെ വൈക്കോല്‍ തട്ടിയാണ് തീപിടിച്ചത്. കോട്ടയത്തു നിന്നു കുഴൂരിലേക്കു വൈക്കോലുമായി പോകുകയായിരുന്നു ലോറി. തീ പടരാന്‍ തുടങ്ങിയതോടെ ഡ്രൈവര്‍ വിജില്‍, വാഹനം നിര്‍ത്താതെ ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്നു.
ലോറി നിര്‍ത്തിയാല്‍ തീ ആളിക്കത്തുമെന്ന് ഭയന്ന് കത്തുന്ന വൈക്കോലുമായി 20 കിലോമീറ്ററിലേറെയാണ് ഡ്രൈവര്‍ ലോറിയുമായി യാത്ര ചെയ്തത്. ഇതിനിടെ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷാ സേന അടുത്തെത്തിയതോടെ ചാലക്കുടി പുഴപ്പാലത്തിനടുത്ത് വാഹനം നിര്‍ത്തുകയായിരുന്നു. ചാലക്കുടി, മാള, പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നാലു യൂണിറ്റ് എത്തിയാണ് തീയണച്ചത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഇരുവശത്തെയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വെള്ളം പമ്പ് ചെയ്‌തെങ്കിലും തീ പൂര്‍ണമായും അണയാതിരുന്നതിനാല്‍ ക്രെയിന്‍ എത്തിച്ച് വൈക്കോല്‍ റോഡിലേക്കു തട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്തും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചു തീ തല്ലിക്കെടുത്തുകയും ചെയ്തു. നാട്ടുകാരും പങ്കാളികളായിരുന്നു.







