കാസര്‍കോട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം തൊഴില്‍ രഹിതരായ യുവാക്കളും വാഗ്ദാനലംഘനത്തിനിരയായ ജനങ്ങളും ചേര്‍ന്നു തൂത്തെറിയുമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രസ്താവിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ജേതാക്കളായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ക്കു കാസര്‍കോട്ടു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി 10 വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തി വയ്ക്കുകയായിരുന്നു. ലക്ഷക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കുമെന്നു വീമ്പിളക്കിയവര്‍ യുവാക്കള്‍ എന്നും വ്യാമോഹത്തിനു പിന്നാലെ നിന്നു കൊള്ളുമെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു.
നയ വൈകല്യത്തിന്റെ പരിണിതഫലമാണ് പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു ഭരണവും പാര്‍ട്ടിയും ഇല്ലാതാക്കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, കോണ്‍. ഭാരവാഹികള്‍ പ്രസംഗിച്ചു.






