അടൂര്‍: ബസ് യാത്രയ്ക്കിടെ വയോധികയുടെ ബാഗ് തുറന്ന് അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച തമിഴ് നാട് തെങ്കാശി സ്വദേശികളായ മൂന്നു സ്ത്രീകളെ അറസ്റ്റുചെയ്തു.. അടൂര്‍ സ്വദേശി വിജയമ്മ(65)യുടെ ബാഗിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രിയ, മുരുകമ്മ, കാളി എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കെ.എസ്.എഫ്.ഇയില്‍ ഈടുവച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു വിജയമ്മയുടെ ആഭരണങ്ങള്‍ ബസില്‍ വച്ച് കൊള്ളയടിച്ചത്.
മൂന്നു വള, ലോക്കറ്റ്, കൊലുസ് എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നത്. ബസ് ഇറങ്ങി നടന്നുപോകുമ്പോഴാണ് ബാഗ് തുറന്ന് കിടക്കുന്നത് വിജയമ്മ കാണുന്നത്. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. ബസില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ സംശയിച്ച വിജയമ്മ പരിചയക്കാരനായ ഒരാളുടെ വാഹനത്തില്‍ കയറി ബസ് പിന്തുടര്‍ന്നു.
പതിനാലാംമൈല്‍ ജംക്ഷനു സമീപം എത്തിയപ്പോള്‍ ബസിലുണ്ടായിരുന്ന സ്ത്രീ നടന്നു പോകുന്നത് കണ്ട വിജയമ്മ വാഹനം നിര്‍ത്തിച്ചു. വിജയമ്മയെ കണ്ടതോടെ സ്ത്രീ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട് അവര്‍ക്കൊപ്പം നടന്നുപോകുകയായിരുന്ന മറ്റ് രണ്ട് സ്ത്രീകളും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ വിജയമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മൂന്നു പേരെയും തടഞ്ഞുവച്ച് അടൂര്‍ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരുടെ കയ്യില്‍ നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.







