കാസര്‍കോട്: കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസില്‍ 22 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ 20 വര്‍ഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെങ്കള, ബംബ്രാണി നഗര്‍, ഷബീബ് മന്‍സില്‍ ബി എസ് അബ്ദുല്‍ സക്കീറി (40)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലും എക്‌സൈസിലും സമാനമായ കേസുകളുള്ളതായി അധികൃതര്‍ അറിയിച്ചു.
22 കിലോ കഞ്ചാവ് കേസില്‍ വിധി പറയാനിരിക്കെ അബ്ദുല്‍ സക്കീര്‍ ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്നാണ് കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്.
2020 ഫെബ്രുവരി 12ന് രാവിലെ ഏഴുമണിക്കാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സച്ചിതാനന്ദന്‍, ഇന്‍സ്‌പെക്ടര്‍ എസ് ബി മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി ബാബു, കെ എ ജനാര്‍ദ്ദനന്‍, നിധീഷ് പൈക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവുമായി പ്രതിയെ അറസ്റ്റു ചെയ്തത്.
അസി. എക്‌സൈസ് കമ്മീഷണര്‍മാരായ വിനോദ് ബി നായര്‍, ഡി ബാലചന്ദ്രന്‍, അസി. കമ്മീഷണര്‍ കൃഷ്ണകുമാര്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.







