കുമ്പള: ദൂരപരിധി ലംഘിച്ച് സ്ഥാപിച്ച കുമ്പള ആരിക്കാടി ടോള്‍ഗേറ്റ് അടച്ചുപൂട്ടിയിട്ടും ദേശീയപാതയില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച ടോള്‍ഗേറ്റ് സൂചനാ ബോര്‍ഡുകള്‍ അതേ പടി നിലനില്‍ക്കുന്നു.ടോള്‍ ബൂത്ത് ഇല്ലാതായതോടെ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതായിരുന്നു.അധികൃതര്‍ അതിനു തയാറാകാത്തത് ഡ്രൈവര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് പണി പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തത്.സംസ്ഥാന മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന മന്ത്രിമാര്‍ ഉല്‍ഘാടന പരിപാടി ബഹിഷ്‌കരിച്ചിരുന്നു. അതേസമയം കാസര്‍കോട്ട് സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ദേശീയപാതയില്‍ സമാന്തര ഉദ്ഘാടനം നടത്തുകയും ചെയ് തിരുന്നു.
ഉദ്ഘാടനം ചെയ്ത ദേശീയപാതയില്‍ ഇല്ലാത്ത ടോള്‍ ഗേറ്റിന്റെ സൂചന ബോര്‍ഡ് അതേപടി നില്‍ക്കുന്നത് അരോചകത്വമാണെന്നു നാട്ടുകാര്‍ പറയുന്നു. കുമ്പള ബദര്‍ ജുമാമസ്ജിദ് സമീപമാണ് സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.






