അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചു; ബാങ്ക് മാനേജരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ച് കൊന്നു; 2 പേര്‍ അറസ്റ്റില്‍

യുപി: അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ച ബാങ്ക് മാനേജരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ച് കൊന്നു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബ് & സിന്ധ് ബാങ്കിന്റെ മാനേജരായ അഭിഷേക് കുമാറാണ്(36) കൊല്ലപ്പെട്ടത്. ബിഹാറിലെ പട്‌ന സ്വദേശിയാണ് മരിച്ച മാനേജര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ലോണി ബോര്‍ഡറിലെ ബല്‍റാം നഗര്‍ ശാഖയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായി ദീര്‍ഘനേരത്തെ വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറയുന്നു.

മന്‍സൂര്‍പൂര്‍ നിവാസിയായ രവീന്ദര്‍ ഹൂഡയും കൂട്ടാളി ഷീഷ് പാലുമാണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍ സൈനികനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2018 ല്‍ വിരമിച്ചതിനുശേഷമാണ് ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി നിയമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതികളെ വൈകുന്നേരത്തോടെയാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റുചെയ്തത്.

തിങ്കളാഴ്ച രാവിലെ ഗാര്‍ഡ് ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ബാങ്കിലെത്തിയപ്പോള്‍ മാനേജര്‍ വിളിപ്പിക്കുകയും ബാങ്കിന്റെ സുരക്ഷ്‌ക്കായി നല്‍കിയ തോക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തോക്കുമായി തിരിച്ചെത്തിയ ഗാര്‍ഡ് മാനേജരുമായി ദീര്‍ഘനേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ മാനേജര്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. നെഞ്ചിന് വെടിയേറ്റ മാനേജരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചതാണ് ഗാര്‍ഡിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാങ്കിലെ സിസിടിവി ക്യാമറയില്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

സെക്യൂരിറ്റി ജീവനക്കാരന്‍ മുന്‍കൂട്ടി അറിയിക്കാതെ ലീവെടുക്കുന്നതിനെ മാനേജര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. 12,000 രൂപയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് ലഭിക്കുന്ന ശമ്പളം. അവധി എടുത്താന്‍ 2000 രൂപ മുതല്‍ 4000 രൂപ വരെ മാനേജര്‍ കുറയ്ക്കാറുണ്ട്. ഇതാണ് സെക്യരിറ്റി ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page