കണ്ണൂര്‍: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാന്‍ കഴിയില്ല. ഗോവിന്ദന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടാണ്. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി കെ ഗോവിന്ദന്‍ അവതരിപ്പിച്ചത്. പല നേതാക്കളുടെയും ബന്ധുക്കളെ സ്ഥാനാര്‍ത്ഥികള്‍ ആക്കുന്നത് അവരുടെ സേവനം കൂടി പരിഗണിച്ചാണ്-രാഗേഷ് പറഞ്ഞു.
ടി.കെ ഗോവിന്ദനു പാര്‍ലമെന്ററി വ്യാമോഹമാണ്. ഇക്കാര്യം പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി കമ്മിറ്റിയില്‍ ഒരു ഘട്ടത്തിലും ഗോവിന്ദന്റെ പേര് ആരും പറഞ്ഞിരുന്നില്ല. എന്നാല്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ടി കെ ഗോവിന്ദന്‍ സ്വന്തം പേര് പറയുകയായിരുന്നു. പക്ഷേ ആരും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയില്ല. തളിപ്പറമ്പിൽ ശ്യാമള അല്ലാതെ വേറെ ആരെങ്കിലും സ്ഥാനാര്‍ത്ഥി ആയാലും ഗോവിന്ദന് ഇതേ നിലപാടായിരിക്കും ഉണ്ടാവുക-രാഗേഷ് പറഞ്ഞു. പാര്‍ലമെന്ററി ദുരയാണ് അദ്ദേഹത്തിന് . എതിരാളികള്‍ നടത്തുന്ന പ്രചാരണം ഗോവിന്ദന്‍ ഏറ്റെടുത്തു. സണ്ണി ജോസഫിന്റെ വിടുപണി ചെയ്യുകയാണ് ഗോവിന്ദന്‍-രാഗേഷ് പറഞ്ഞു. എം വി ജയരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.







