ജറുസലേം: ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാര്‍ജനി ഇസ്രായേലിന്റെ ഇന്നലെ രാത്രി മുഴുവന്‍ നീണ്ടുനിന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം ഉയരുന്നു.
ഇസ്രായേലിലെ വാര്‍ത്ത ഏജന്‍സികള്‍ ആണ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം അലി ജാരിയാനി മരിച്ചോ അതോ പരിക്കേറ്റിട്ടേയുള്ളോവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു ആക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അല്‍ അജൗരിയെ ലക്ഷ്യമിട്ടിരുന്നതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം പറഞ്ഞു.
ഇറാന്‍ ഭീകര ഗ്രൂപ്പിന്റെ പ്രധാന മേധാവിയാണ് ഇദ്ദേഹം. പാലസ്തീനില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ഇറാനില്‍ നിന്ന് നേതൃത്വം നല്‍കുന്ന സംഘങ്ങളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ ശക്തമായ നീക്കം നടത്തിയിരുന്നു. ഗാസയില്‍ നിന്നും ജൂഡോയയില്‍ നിന്നും സമാറിയയില്‍ (വെസ്റ്റ് ബാങ്കില്‍) നിന്നും അക്രമം നടത്തിയ ജിഹാദി ഗ്രൂപ്പ് കൊടും ഭീകരര്‍ ടെഹ്‌റാനിലെ ഒരു സുരക്ഷിത കെട്ടിടത്തില്‍ അഭയം തേടിയിരുന്നെന്ന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നെന്നു ഇസ്രായേല്‍ സൈനിക നേതൃത്വം സൂചിപ്പിച്ചു. ഇതിന് പുറമെ ഇറാന്റെ വിവിധ ഭാഗങ്ങളിലുള്ള അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേല്‍ തകര്‍ത്തതായി വക്താക്കള്‍ വിശദീകരിച്ചു. ഇറാന്റെ യുദ്ധോപകരണ ശാലകള്‍, പട്ടാളമേധാവികളുടെ കേന്ദ്രങ്ങള്‍, യുഎവികള്‍, ബാലിസ്റ്റിക് മിസൈലുകള്‍, വ്യോമ പ്രതിരോധ സജ്ജീകരണ ശേഖര കേന്ദ്രങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെട്ടു.







