ഭാര്യയും മക്കളുമുള്ളയാളെ പ്രണയിച്ച പെണ്‍കുട്ടിയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കാമുകനും സഹോദരനും ചേര്‍ന്ന് ആക്രമിച്ചു

തിരുവനന്തപുരം: ഭാര്യയും മക്കളുമുള്ളയാളെ പ്രണയിച്ച പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കാമുകനും സഹോദരനും ചേര്‍ന്ന് ആക്രമിച്ചു. നെടുമങ്ങാട് അരശുപറമ്പിലെ എസ് മിഥുന്‍(42) ആണ് അക്രമത്തിനിരയായത്. മൂക്കിനും തലയ്ക്കും ആഴത്തില്‍ മുറിവേറ്റ മിഥുന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

വേങ്കോട് കുഞ്ചത്തെ ശ്യാം, ശരത് എന്നിവരാണ് പ്രതികള്‍. ഇതില്‍ ശരത്തിനെ പൊലീസ് അറസ്റ്റുചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ശരത്. ശ്യാം ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മിഥുന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടി ശ്യാമുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ മിഥുന്‍ ശ്യാമിന് ഭാര്യയും മക്കളുമുണ്ടെന്നും പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നും പെണ്‍കുട്ടിയോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം പെണ്‍കുട്ടിയില്‍ നിന്നറിഞ്ഞ ശരത്തും ശ്യാമും ചേര്‍ന്ന് മിഥുനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.

ഇടിവള ഉപയോഗിച്ചുള്ള അക്രമത്തില്‍ മിഥുന്റെ മൂക്കിന്റെ പാലം പൊട്ടി, തലയ്ക്കും പരിക്കേറ്റു. പിന്നാലെ ഒളിവില്‍പോയ പ്രതികളെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഒന്നാം പ്രതി ശ്യാം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

നെടുമങ്ങാട് എസ്.എച്ച്.ഒ പികെ മോഹിത്, എസ് ഐ മുഹസിന്‍ മുഹമ്മദ്, എഎസ്‌ഐ ആര്‍ ബിജു, വിനോദ് സാജന്‍, അജിത്ത് മോഹന്‍, അനന്തു, ശ്രീലാല്‍, ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്. ശ്യാമിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page