കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിശ്ചയിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച് വിവരങ്ങള്‍ അല്‍പസമയത്തിനുള്ളില്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ടി.കെ.ഗോവിന്ദനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാര്‍ട്ടിയും ഭരണവും ഒരു കുടുംബത്തിന്റെ വരുതിയിലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് താന്‍ പ്രതികരിക്കുന്നതെന്ന് ടി.കെ ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി സിപിഎമ്മിന്റെ പ്രവര്‍ത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിനെ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ വിവിധതലങ്ങളില്‍ താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ താലോലിച്ചുകൊണ്ടുനടക്കുന്ന കമ്മ്യൂണിസ്റ്റ് സങ്കല്‍പത്തെ തകര്‍ത്ത് തരിപ്പണമാക്കുന്നതിനോട് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടനെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു.







