കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശേരി ജില്ല സെഷന്‍സ് കോടതി. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയിയിലാണ് കോടതിയുടെ അനുകൂല വിധി. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കിയ കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞു.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. പിപി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നവീന്‍ ബാബുവിന് സ്വര്‍ണം പണയം വെച്ച് ലഭിച്ച തുകയാണ് കൈക്കൂലിയായി നല്‍കിയതെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു. ഈ രേഖകള്‍ അന്വേഷണത്തിന്റെ ഭാഗമാക്കണം. പള്ളിക്കുന്നില്‍ ഒക്ടോബര്‍ ആറാം തീയതി പ്രശാന്തനും നവീന്‍ ബാബുവും കൂടിക്കാഴ്ച നടത്തിയതില്‍ കൂടുതല്‍ വിവങ്ങള്‍ അന്വേഷിക്കണം. എഡിഎം കൈക്കൂലിക്കാരനാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു, കേസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍, മൊഴി എന്നിവ ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
2024 ഒക്ടോബര്‍ 15 ന് ആണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കലക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു.
സംഭവം നടന്ന് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷമാണ് ദിവ്യയെ പൊലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഏതാനു ദിവസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.







