കോഴിക്കോട്: ഭാര്യവീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് രോഗിയുമായ പോവുകയായിരുന്ന ആംബുലന്‍സിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനില്‍ നിന്ന് ചുരം ഇറങ്ങി വരുമ്പോഴാണ് വയനാട് പടിഞ്ഞാറത്തറയില്‍ നിന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് ഇയാളുടെ മുന്നില്‍പ്പെടുന്നത്. പിന്നെ മറ്റൊന്നും ആലോചിക്കാതെ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.







