കാസര്‍കോട്: നീലേശ്വരം, പേരോല്‍, കൊഴുന്തില്‍ നാരാംകുളങ്ങര വിഷ്ണുമൂര്‍ത്തി ക്ഷേത്ര കവര്‍ച്ചാ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിബു റാഫേല്‍ (54), കണ്ണൂര്‍, മട്ടന്നൂരിലെ അബ്ദുല്‍ ജലീല്‍ (50) എന്നിവരെയാണ് തമിഴ്‌നാട്, ഏര്‍വാടിയില്‍ വച്ച് നീലേശ്വരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഫെബ്രുവരി 21നു രാത്രിയിലാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. നാലമ്പലത്തിന്റെ പൂട്ട് തകര്‍ത്തു ക്ഷേത്രത്തിനു അകത്തു കയറിയ മോഷ്ടാക്കള്‍ നാലു ചെമ്പുകളും സ്റ്റീല്‍ ഭണ്ഡാരങ്ങളും കവര്‍ച്ച ചെയ്തുവെന്നാണ് കേസ്.
നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് മോഷ്ടാക്കള്‍ ഏര്‍വാടിയില്‍ ഉള്ളതായുള്ള രഹസ്യ വിവരം ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭാരത് റെഡ്ഡിക്ക് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് അവിടെയെത്തി മോഷ്ടാക്കളെ അറസ്റ്റു ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ നീലേശ്വരം എസ്‌ഐ എ.വി ശ്രീകുമാര്‍ ,ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ കല്ലായി അബൂബക്കര്‍, എഎസ്‌ഐ ഷാജു തോമസ്, നികേഷ്, ജിനേഷ് എന്നിവരും നീലേശ്വരം സ്‌റ്റേഷന്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ രാജേഷ്, എസ്‌ഐ സുഗുണന്‍, മഹേഷ് കാങ്കോല്‍, ദിലീഷ് കുമാര്‍ പള്ളിക്കൈ, ധനേഷ് പിലിക്കോട്, അജിത്ത് പള്ളിക്കര എന്നിവരും ഉണ്ടായിരുന്നു.






