ഹെല്‍മറ്റ് ധരിക്കാത്തതിന് വിദ്യാര്‍ത്ഥിയുടെ ചെവിയിലും മുഖത്തും അടിച്ചു; എംവിഡി ഉദ്യോഗസ്ഥനെതിരെ പരാതി

തിരുവനന്തപുരം : ഹെല്‍മറ്റ് ധരിക്കാത്തതിന് എംവിഡി ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയുടെ ചെവിയിലും മുഖത്തും അടിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് മോട്ടോര്‍ വെഹിക്കിളിലെ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ കോലിക്കോഡ് ബിവറേജിന് സമീപത്ത് വെച്ചാണ് സംഭവം. ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥിയെ അടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കോളേജിലേക്ക് പോവുകയായിരുന്ന അഭയകൃഷ്ണ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. വാഹന പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ ഇതുപെടുകയും ഉദ്യോഗസ്ഥര്‍ കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. അഭയ കൃഷ്ണ കുറച്ചു മാറിയാണ് വാഹനം നിര്‍ത്തിയത്. ഇതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ അഭയകൃഷ്ണന്റെ ചെവിയിലും മുഖത്തും അടിച്ചു.

ലൈസന്‍സ് ഉണ്ടെങ്കില്‍ 6500 രൂപ പിഴയായി അടയ്ക്കണമെന്നും ലൈസന്‍സ് ഇല്ലെങ്കില്‍ 13,000 രൂപ അടയ്ക്കണമെന്നും പണം തനിക്ക് നേരിട്ട് നല്‍കണമെന്നും ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതായും അഭയ കൃഷ്ണ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ ഭാവി തുലയ്ക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായും അമ്മയെ ഫോണില്‍ വിളിച്ച് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും പറയുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അഭയ കൃഷ്ണ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page